സൗദി ഇന്ത്യൻ എംബസിയുടെ പാസ്‌പോർട്ട് സേവനം: പുതിയ കമ്പനിയുടെ പ്രവർത്തനം വൈകും
നിലവിലെ വി.എഫ്.എസിനോട് മൂന്ന് മാസം കൂടി സേവനം തുടരാൻ എംബസി ആവശ്യപ്പട്ടതായി കമ്പനി
ദമ്മാം: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവയുടെ വിവിധ സേവനങ്ങൾക്കുള്ള ഔട്ട്‌സോഴ്‌സിംഗ് കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്രവർത്തനം വൈകുമെന്ന് റിപ്പോർട്ട്. അലങ്കിത് അസൈൻമെന്റ് ലിമിറ്റഡിന്റെ പ്രവർത്തനം വൈകുമെന്നാണ് റിപ്പോർട്ട്. കമ്പനി ജൂലൈ ഒന്ന് മുതൽ ചുമതലയേറ്റെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനുള്ള ഒരുക്കങ്ങളൊന്നും പൂർത്തിയായിട്ടില്ല.
അതേസമയം, നിലവിലെ സേവന ദാതാക്കളായ വി.എഫ്.എസിനോട് മൂന്ന് മാസം കൂടി സേവനം തുടരാൻ എംബസി ആവശ്യപ്പട്ടതായി കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിലാണ് ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയായ പുതിയ കമ്പനിയെ ഇന്ത്യൻ എംബസി നിയമിച്ചത്. പാസ്സ്പോർട്ട് അപേക്ഷ, കോൺസുലാർ സേവനങ്ങൾ, വിസ സേവനങ്ങൾ, അറ്റസ്റ്റേഷൻ എന്നിവയ്ക്കുളള അപേക്ഷകൾ സ്വീകരിക്കുന്നതിനും ഡെലിവറി നടത്തുന്നതിനുമാണ് കരാർ.