11 ലക്ഷം അഭയാര്‍ഥികളെ സംരക്ഷിക്കുന്നതായി സൗദി; ചെലവായത് 1857 കോടി ഡോളര്‍
സൗദി മൊത്തം ജനസംഖ്യയുടെ 5.5 ശതമാനം പേർ അഭയാർഥികളായി കഴിയുന്നവരാണ്
ദമ്മാം: രാജ്യത്ത് കഴിയുന്ന അഭയാർഥികളുടെ സംരക്ഷണത്തിനായി വർഷം തോറും വൻ തുക ചിലവഴിച്ചു വരുന്നതായി സൗദി അറേബ്യ. കഴിഞ്ഞ പന്ത്രണ്ട് വർത്തിനിടെ ഈ ഇനത്തിൽ 1857 കോടി ഡോളർ സൗദിഅറേബ്യ ചിലവഴിച്ചതായി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സൗദി മൊത്തം ജനസംഖ്യയുടെ 5.5 ശതമാനം പേർ അഭയാർഥികളായി കഴിയുന്നവരാണ്. 11 ലക്ഷത്തോളം പേരാണ് അഭയാർഥികളായി സൗദിയിലുള്ളത്. യമൻ, സിറിയ, ഇറാഖ്, മ്യാൻമാറിൽ നിന്നുള്ള റോഹിങ്ക്യൻ വിഭാഗം എന്നിവരാണ് സൗദിയിൽ അഭയാർഥികളായി കഴിയുന്നത്. ഇവർക്ക് സൗജന്യ ചികിൽസ, വിദ്യഭ്യാസം താമസം എന്നിവ സർക്കാർ തലത്തിൽ ഒരുക്കി വരുന്നുണ്ട്. ഒപ്പം രാജ്യത്ത് തങ്ങുന്നതിനുള്ള വിസ സേവനങ്ങൾ, ജോലി നേടുന്നതിനും ചെയ്യുന്നതിനുള്ള അവസരങ്ങൾ എന്നിവയും നൽകി വരുന്നു.
2011 മുതൽ 2023 വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയത്. യമനിൽ നിന്നുള്ളവരുടെ സംരക്ഷണത്തിനാണ് കൂടുതൽ തുക ചിലവഴിച്ചത്. 1044 കോടി ഡോളർ. സിറിയൻ അഭയാർഥികൾക്ക് 587ഉം റോഹിങ്ക്യൻ അഭയാർഥികൾക്ക് 225 കോടിയും ചിലവഴിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.