Writer - razinabdulazeez
razinab@321
റിയാദ്: സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാമുമായി കൂടിക്കാഴ്ച നടത്തി. വാഷിങ്ടണിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും സഹകരണവും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. നിലവിലെ പ്രാദേശിക അന്തർദേശീയ സാഹചര്യങ്ങളും പൊതു താൽപര്യ വിഷയങ്ങളും ഇരുനേതാക്കൾ ചർച്ച ചെയ്തു.
സൗദി അറേബ്യയുമായി വർഷങ്ങളായുള്ള അടുത്ത ബന്ധമുണ്ടെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ തന്നെ ഏറെ ആകർഷിച്ചുവെന്നും യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം പറഞ്ഞു. സൗദി കിരീടാവകാശിയോട് പ്രസിഡന്റ് ട്രംപിന് വലിയ മതിപ്പാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയുടെ സമാധാനത്തിനും പുരോഗതിക്കും ഏറ്റവും പ്രധാനം സാമ്പത്തിക വളർച്ചയാണെന്ന് സൗദി അറേബ്യ വിശ്വസിക്കുന്നു.
ലോകമെമ്പാടുമുള്ള ആളുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറാനാണ് സൗദി ലക്ഷ്യമിടുന്നത്. എഐ സാങ്കേതികവിദ്യയിൽ ലോകത്തെ മുൻനിര ശക്തിയാകാൻ സൗദി ആഗ്രഹിക്കുന്നു. ഇത് വഴി മികച്ച പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കാൻ കാരണമാകും. കിരീടാവകാശിയുടെയും സൗദി ഭരണകൂടത്തിന്റെയും ഈ ലക്ഷ്യങ്ങൾ കൃത്യമായി നടപ്പിലാക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഗ്രഹാം വ്യക്തമാക്കി.