സൗദിയിൽ പഴം-പച്ചക്കറി ഇറക്കുമതിക്ക് പുതിയ നിബന്ധനകൾ; പെർമിറ്റ് കാലാവധി 15 ദിവസമാക്കി

30 ദിവസത്തിനകം ഈ നിയമങ്ങൾ പൂർണമായും നടപ്പാക്കും

Update: 2026-10-04 08:33 GMT

റിയാദ്: രാജ്യത്തേക്ക് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിന് പുതിയ വ്യവസ്ഥകളും മാർഗനിർദേശങ്ങളും ഏർപ്പെടുത്തി സൗദി അറേബ്യ. വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബി അംഗീകാരം നൽകിയ പുതിയ ഇറക്കുമതി ലൈസൻസിങ് മാനദണ്ഡങ്ങൾ പ്രകാരമാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഉത്തരവ് പുറത്തിറങ്ങി മുപ്പത് ദിവസത്തിനകം ഈ നിയമങ്ങൾ പൂർണമായും നടപ്പിലാകും. പുതിയ നിബന്ധനകൾ പ്രകാരം ഇറക്കുമതി പെർമിറ്റുകളുടെ കാലാവധി അനുവദിച്ച തീയതി മുതൽ വെറും പതിനഞ്ച് ദിവസമായി നിജപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് വാണിജ്യ മന്ത്രാലയം നടപടികൾ കർശനമാക്കിയത്. കൃഷി, ജലം, പരിസ്ഥിതി മന്ത്രാലയവും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഇനി മുതൽ ചരക്കുകൾ രാജ്യത്തേക്ക് എത്തിക്കാനാകൂ.

Advertising
Advertising

പുതിയ മാർഗരേഖയനുസരിച്ച് കപ്പലിലോ വിമാനത്തിലോ എത്തുന്ന ചരക്കുകൾ സൗദി തുറമുഖങ്ങളിലോ വിമാനത്താവളങ്ങളിലോ എത്തുന്നതിന് കുറഞ്ഞത് ഇരുപത്തിനാല് മണിക്കൂർ മുമ്പെങ്കിലും ആവശ്യമായ പെർമിറ്റ് എടുത്തിരിക്കണം. മുൻകൂട്ടി അനുമതി ലഭിക്കാതെ ഒരു സാഹചര്യത്തിലും സാധനങ്ങൾ കയറ്റി അയക്കാൻ അനുവാദമില്ല. പെർമിറ്റില്ലാതെ സൗദി അതിർത്തിയിലെത്തുന്ന ചരക്കുകൾ പ്രവേശന കവാടങ്ങളിൽ വെച്ചുതന്നെ കർശനമായി നിരസിക്കും. ഇങ്ങനെ തിരിച്ചയക്കുന്ന ഷിപ്പ്മെന്റുകളുടെ പൂർണ നഷ്ടവും ഉത്തരവാദിത്തവും അതത് ഇറക്കുമതിക്കാർ തന്നെ വഹിക്കേണ്ടി വരും. പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്ന സ്ഥാപനങ്ങൾക്ക് കൃഷി, ജല, പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക ലൈസൻസും കൃത്യമായ കൊമേഴ്ഷ്യൽ രജിസ്‌ട്രേഷനും (സി.ആർ) ഉണ്ടായിരിക്കണം. കൂടാതെ ഇറക്കുമതി ചെയ്യുന്ന ഓരോ ഉൽപന്നങ്ങളുടെയും കൃത്യമായ വിവരങ്ങൾ ഇൻവോയ്‌സിൽ രേഖപ്പെടുത്തണമെന്നും പെർമിറ്റ് അപേക്ഷയിലെ മുഴുവൻ വിവരങ്ങളും കൃത്യമായി പൂരിപ്പിച്ചിരിക്കണമെന്നും പുതിയ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഗുണനിലവാരവുമായി ബന്ധപ്പെട്ട പരിശോധനകളിലും കർശനമായ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിഷ്‌കർഷിച്ചിട്ടുള്ള അളവിൽ കൂടുതൽ കീടനാശിനി അംശങ്ങൾ ഉള്ളതോ രാജ്യത്തെ കാർഷിക ക്വാറന്റൈൻ പട്ടികയിൽ ഉൾപ്പെട്ട കീടങ്ങളുടെ സാന്നിധ്യമുള്ളതോ ആയ ചരക്കുകൾക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കില്ല. നാമ പ്ലാറ്റ്ഫോം വഴിയാണ് ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇവ പരിശോധിച്ച് തീർപ്പുകൽപ്പിക്കാൻ പരമാവധി ഏഴ് പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും. രേഖകളുടെ പരിശോധനയ്ക്കായി ഒറിജിനൽ സർട്ടിഫിക്കറ്റിനൊപ്പം ക്യു.ആർ കോഡോ വെരിഫിക്കേഷൻ ലിങ്കോ അടങ്ങിയ ഇ-ഫൈറ്റോസാനിറ്ററി സർട്ടിഫിക്കറ്റ്, കസ്റ്റംസ് രേഖകൾ എന്നിവ സമർപ്പിക്കാം. ഏതെങ്കിലും കാരണവശാൽ അപേക്ഷ തള്ളപ്പെട്ടാൽ വിവരം അറിഞ്ഞ് പതിനഞ്ച് ദിവസത്തിനകം മന്ത്രാലയത്തിന് അപ്പീൽ നൽകാനും വ്യാപാരികൾക്ക് അവസരമുണ്ട്.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News