പഴയ വാഹനം ഒഴിവാക്കണോ? ഇനി നൂലാമാലകളില്ല, വാഹന ഉടമകൾക്ക് ആശ്വാസ വാർത്തയുമായി സൗദി ട്രാഫിക്

ഇതോടെ അനാവശ്യ ഫീസുകളും ഒഴിവാകും

Update: 2026-10-04 13:03 GMT

റിയാദ്: വർഷങ്ങളായി ഓടാതെ കിടക്കുന്നതും കേടുപാടുകൾ സംഭവിച്ചതുമായ പഴയ വാഹനങ്ങൾ പൊളിച്ചുമാറ്റുന്നതിന് മുൻപ് പീരിയോഡിക് ഇൻസ്‌പെക്ഷൻ നിർബന്ധമില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വാഹനം ഉപയോഗശൂന്യമായി മാറിയാൽ പരിശോധനാ കേന്ദ്രങ്ങളിലെ സാങ്കേതിക പരിശോധന ഒഴിവാക്കിത്തന്നെ തുടർനടപടികളിലേക്ക് കടക്കാമെന്നാണ് പുതിയ വിശദീകരണം. ഇത്തരം വാഹനങ്ങളുടെ ഉടമകൾക്ക് തങ്ങളുടെ അടുത്തുള്ള അംഗീകൃത ജങ്ക് യാർഡുകളിൽ നേരിട്ടെത്തി വാഹനം കൈമാറാവുന്നതാണ്. ഉപയോഗശൂന്യമായ കാറുകളും മറ്റ് വലിയ വാഹനങ്ങളും നിരത്തുകളിൽ നിന്നും പാർക്കിങ് സ്ഥലങ്ങളിൽ നിന്നും നിയമപരമായി ഒഴിവാക്കാൻ ആഗ്രഹിക്കുന്ന നിരവധി വാഹന ഉടമകൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ട്രാഫിക് വിഭാഗത്തിന്റെ ഈ തീരുമാനം. ഇതോടെ അനാവശ്യ ഫീസുകളും നൂലാമാലകളും ഒഴിവാക്കാൻ സാധിക്കും.

Advertising
Advertising

കാലപ്പഴക്കം മൂലമോ അപകടങ്ങൾ കാരണമോ ദീർഘകാലം ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും ഉയർന്നുവന്ന സംശയങ്ങൾക്ക് മറുപടിയായാണ് ട്രാഫിക് വിഭാഗം കാര്യങ്ങൾ വിശദീകരിച്ചത്. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്‌നസ് അല്ലെങ്കിൽ സാങ്കേതിക പരിശോധന വീണ്ടും നടത്തേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പത്തിന് ഇതോടെ പൂർണമായ പരിഹാരമായി. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനും വാഹനം സുരക്ഷിതമായി പൊളിക്കുന്നതിനും അംഗീകാരമുള്ള യാർഡുകളിൽ വാഹനം ഏൽപ്പിച്ചാൽ മതിയെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സുതാര്യമായ രീതി സ്വീകരിക്കുന്നത് വഴിയോരങ്ങളിൽ തുരുമ്പെടുത്ത് കിടക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും നിയമപരമായ രേഖകൾ എളുപ്പത്തിൽ റദ്ദാക്കാനും ഉടമകളെ സഹായിക്കും.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News