ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി; ഫിഫക്ക് നോമിനേഷൻ സമർപ്പിച്ചു
സൗദി ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്
റിയാദ്: 2034 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അനുമതി തേടി സൗദി അറേബ്യ ഫിഫക്ക് നാമനിർദേശം സമർപ്പിച്ചു. സൗദി ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത് . ഈ വർഷത്തെ ക്ലബ്ബ് ലോകകപ്പിനും സൌദിയിലെ ജിദ്ദയാണ് ആതിഥേയത്വം വഹിക്കുക.
കഴിഞ്ഞ ബുധനാഴ്ചയാണ് 2034 ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള നീക്കം സംബന്ധിച്ച് സൗദി പ്രഖ്യാപനം നടത്തിയത്. അതിന് പിറകെയാണ് ഇപ്പോൾ നോമിനേഷൻ സമർപ്പിച്ചതായുള്ള പ്രഖ്യാപനം.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് നാന്ദി കുറിക്കുന്നതാണ് നാമനിർദേശമെന്ന് സൗദി ഫുട്ബാൾ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനും ഫിഫ കൗൺസിൽ അംഗവുമായ യാസർ ബിൻ ഹസൻ അൽ മിസ്ഹൽ പറഞ്ഞു.
മത്സരം സംഘടിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിനുമുള്ള സൗദിയുടെ താൽപര്യവും ശേഷിയും അവതരിപ്പിക്കുന്ന ഒരു സമ്പൂർണ നാമനിർദേശ പത്രികയാണ് സമർപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോമിനേഷൻ സമർപ്പിച്ചത് സംബന്ധിച്ച് സൗദി ഫുട്ബാൾ അസോസിയേഷൻ്റെ പ്രഖ്യാപനം പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 70 ലധികം ഫുട്ബോൾ ഫെഡറേഷനുകൾ സൗദിക്ക് പിന്തുണ അറിയിച്ചു.