സൗദിയിൽ പ്രവൃത്തി ദിവസം കുറക്കില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് തൊഴിൽ മന്ത്രാലയം
സൗദിയിൽ പ്രവൃത്തി ദിനങ്ങൾ കുറക്കുന്നതിന്‍റെയും അവധി ദിനങ്ങൾ വർധിപ്പിക്കുന്നതിന്‍റെയും സാധ്യതകളറിയാൻ പഠനം നടക്കുന്നുവെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു
സൗദിയിൽ പ്രവൃത്തി ദിവസം കുറക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ നാലാക്കി കുറക്കുമെന്ന രീതിയിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തി കൊണ്ടാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം.
സൗദിയിൽ പ്രവൃത്തി ദിനങ്ങൾ കുറക്കുന്നതിന്‍റെയും അവധി ദിനങ്ങൾ വർധിപ്പിക്കുന്നതിന്‍റെയും സാധ്യതകളറിയാൻ പഠനം നടക്കുന്നുവെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തൊഴിൽ മന്ത്രാലയ വക്താവ് സാദ് അൽ ഹമ്മദ് വ്യക്തമാക്കി. പ്രവൃത്തി ദിവസങ്ങൾ കുറക്കുമോ എന്ന ചോദ്യത്തോട് അതിനെ കുറിച്ച് പഠനം നടത്തും എന്ന് മാത്രമാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെന്നും മന്ത്രാലയം വിശദീകരിച്ചു.
തൊഴിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനെ കുറിച്ച് ആവശ്യമായ ഘട്ടങ്ങളിലെല്ലാം മന്ത്രാലയം പഠനം നടത്താറുണ്ട്. ഇത് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ്. നിലവിലെ ചട്ടങ്ങൾക്കകത്ത് നിന്നുകൊണ്ടുള്ള തൊഴിൽ സമ്പ്രദായത്തെക്കുറിച്ചാണ് മന്ത്രാലയം പഠിക്കുന്നത്. തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും കൂടുതൽ ആഭ്യന്തര, അന്തർദേശീയ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പഠനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം തേടാറുണ്ടെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. വിവരങ്ങൾ കൈമാറുന്നതിലും പ്രചരിപ്പിക്കുന്നതിലും കൃത്യത വരുത്തണമെന്ന് രാജ്യത്തെ എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.