സൗദിയിലെ 11 ഇടങ്ങളിൽ സ്‌കൂളുകൾ 24ന് തുറക്കും
മക്ക, മദീന എന്നിവിടങ്ങളിൽ 31 മുതൽ
റിയാദ്: സൗദിയിലെ 11 ഇടങ്ങളിൽ സർക്കാർ പൊതുവിദ്യാലയങ്ങൾ ഈ മാസം 24ന് തുറക്കും. മക്ക, മദീന എന്നിവിടങ്ങളിൽ ഈ മാസം 31 മുതലായിരിക്കും അധ്യയന വർഷം ആരംഭിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്. ഇന്നലെ മുതൽ വിദ്യാഭ്യാസ സൂപ്പർവൈസർമാർ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് തുടങ്ങിയവർ പ്രാരംഭ തയ്യാറെടുപ്പുകൾക്കായി സ്‌കൂളുകളിലെത്തി. ഈ മാസം 17 മുതലായിരിക്കും മക്ക മദീന എന്നിവിടങ്ങളിലെ പ്രാരംഭ തയ്യാറെടുപ്പുകൾക്കായി അധ്യാപകർ സ്‌കൂളിലെത്തുക.
പുതിയ അധ്യായന വർഷത്തിൽ പ്രൈമറി സ്‌കൂളുകളിൽ ആഴ്ചയിൽ 33 ക്ലാസുകളായിരിക്കും നൽകുക. ആഴ്ചയിൽ 35 ക്ലാസുകളായിരിക്കും ഇന്റർമീഡിയറ്റ് സ്‌കൂളുകളിൽ. സെക്കൻഡറി സ്‌കൂളുകളിൽ 32 ക്ലാസുകളുമായിരിക്കും. സ്വകാര്യ സ്‌കൂളുകൾ, അന്താരാഷ്ട്ര സ്‌കൂളുകൾ തുടങ്ങിയവ സ്വന്തം അക്കാദമിക് കലണ്ടർ പ്രകാരമായിരിക്കും പ്രവർത്തനം.