സൗദിയിൽ മരിച്ച മലയാളിയുടെ താമസസ്ഥലം കണ്ടെത്താൻ സഹായം തേടി സാമൂഹ്യപ്രവർത്തകൻ
പാലക്കാട് പട്ടാമ്പി ഞങ്ങാട്ടിരി സ്വദേശി പടിഞ്ഞാറേത്തിൽ സുബ്രമണ്യൻറെ പാസ്‌പോർട്ടും രേഖകളും കണ്ടത്തുന്നതിനാണ് സഹായം തേടിയത്
ദമ്മാം: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ മരിച്ച മലയാളിയുടെ താമസസ്ഥലം തേടിസാമൂഹ്യ പ്രവർത്തകൻ രംഗത്ത്. പാലക്കാട് പട്ടാമ്പി ഞങ്ങാട്ടിരി സ്വദേശി പടിഞ്ഞാറേത്തിൽ സുബ്രമണ്യൻറെ പാസ്‌പോർട്ടും രേഖകളും കണ്ടത്തുന്നതിനാണ് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം മലയാളി സമൂഹത്തിൻറെ സഹായം അഭ്യർത്ഥിച്ചത്.
സുബ്രമണ്യൻ ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രിയി മോർച്ചറയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ അഞ്ച് മാസം മുമ്പ് മാത്രം പുതുതായി ജോലിയിൽ ചേർന്ന ഇദ്ദേഹത്തെ കമ്പനിയിലെ അധികൃതർക്ക് ആർക്കും കൂടുതൽ പരിചയമില്ല. ഇദ്ദേഹത്തിൻറെ താമസ സ്ഥലത്തെക്കുറിച്ചും സുഹൃത്തുക്കളെക്കറിച്ചും യാതൊരു അറിവും ഇവർക്ക് ഇല്ല.
ഇരുപത്തിയഞ്ച് വർഷമായി സൗദിയി പ്രവാസ ജീവിതം നയിക്കുന്നയാളാണ് സുബ്രമണ്യം. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള തുടർനടപടികൾക്ക് പാസ്‌പോർട്ട് കണ്ടെത്തേണ്ടതുണ്ട്. സുബ്രമണ്യത്തെ കുറിച്ച് അറിവുള്ളവർ മീഡിയാവൺ ന്യൂസ് ബ്യൂറോയുമായി ബന്ധപ്പെടാവുന്നതാണ്.