തൂഫാൻ ലഹരിവിരുദ്ധ പ്രചാരണത്തിന് ഐക്യദാർഢ്യം; ജുബൈല്‍ ഒ.ഐ.സി.സി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

ജുബൈൽ അൽ ഫലാ ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരം നടന്നത്

Update: 2026-07-11 15:09 GMT

ദമ്മാം: കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന‘തൂഫാൻ – ദ നാർക്കോട്ടിക് ഹണ്ട്’ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജുബൈൽ ഒ.ഐ.സി.സി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ജുബൈൽ അൽ ഫലാ ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരം. പുതുതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുകയും ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മുൻ സെക്രട്ടറി അഷ്‌റഫ് മൂവാറ്റുപുഴ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും യുവജനങ്ങളെ ലഹരിയിൽനിന്ന് അകറ്റിനിർത്താൻ കുടുംബങ്ങളും സാമൂഹിക സംഘടനകളും പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നിലവിലെ യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ ആഭ്യന്തര വകുപ്പ് സമഗ്രമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസിനെയും ജുബൈൽ ഒ.ഐ.സി.സി അഭിനന്ദിച്ചു. റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, നാഷണൽ കമ്മിറ്റി സെക്രട്ടറി നസീർ തുണ്ടിൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഷമീം, വൈസ് പ്രസിഡന്റുമാരായ അനുഷാദ്, എൻ.പി.റിയാസ്, കെ.വി.ആഷിഖ് എന്നിവരും മറ്റു ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങള്‍ പരിപാടിയുടെ ഭാഗമായി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News