സൗദിയിൽ ഒട്ടകങ്ങൾക്ക് റോഡ് ക്രോസ് ചെയ്യാനായി പ്രത്യേക പാലങ്ങൾ

അപകടങ്ങൾ ഒഴിവാക്കലാണ് ലക്ഷ്യം

Update: 2026-01-05 17:07 GMT

റിയാദ്: സൗദിയിൽ ഒട്ടകങ്ങൾക്ക് റോഡ് ക്രോസ് ചെയ്യാനായി പ്രത്യേക പാലങ്ങൾ നിർമിക്കുന്നു. ഒട്ടകങ്ങൾ ഉൾപ്പെടെ മൃഗങ്ങൾ റോഡ് ക്രോസ് ചെയ്യുന്നതിനിടെ നാന്നൂറിലേറെ അപകടങ്ങളാണ് കഴിഞ്ഞ വർഷമുണ്ടായത്. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ പദ്ധതി.

സൗദിയിലെ മരുഭൂമി പ്രദേശങ്ങളിൽ ഒട്ടകങ്ങൾ സ്വതന്ത്രമായി സഞ്ചരിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ റോഡ് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് പ്രത്യേക ക്രോസിങ്ങുകൾ. ദീർഘദൂര ഹൈവേകളിൽ ഒട്ടകങ്ങൾ റോഡിന് കുറുകെ കടക്കുന്നത് സാധാരണ കാഴ്ചയാണ്.

റോഡിന് മുകളിലൂടെയോ പാലം വഴിയോ, താഴെ പ്രത്യേക തുരങ്കങ്ങളിലൂടെയോ ഇരുവശങ്ങളിലും വേലികെട്ടിയോ ആയിരിക്കും ഒട്ടകങ്ങൾക്കായി പ്രത്യേക ക്രോസിംഗ് സംവിധാനം. ചില പ്രദേശങ്ങളിൽ ക്യാമറകളും സെൻസറുകളും സ്ഥാപിക്കും. ഇതിന് പുറമേ അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രത്യേക സൈൻ ബോർഡുകളുമുണ്ടാകും.

ഒട്ടകം ഉൾപ്പെടെ മൃഗങ്ങൾ റോഡിന് കുറുകെ ചാടി കഴിഞ്ഞ വർഷമുണ്ടായത് 426 അപകടങ്ങളാണ്. ഇതിൽ 5 പേർക്ക് ജീവൻ നഷ്ടമാവുകയും, 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News