അനിശ്ചിതമായി നീട്ടി സ്‌പൈസ് ജെറ്റ്; നിരവധിതവണ സമയം മാറ്റുന്നതായി പരാതി

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി ഷെഡ്യൂളുകളിലാണ് മാറ്റം വന്നത്

Update: 2024-07-19 14:50 GMT

ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് യാത്ര ചെയ്യേണ്ട സ്‌പൈസ് ജെറ്റ് വിമാനം തുടരെ വൈകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഇന്ന് രാവിലെ 10 മണിക്ക് പുറപ്പെടേണ്ട വിമാനം രാത്രിയിലേക്ക് നീട്ടിവെച്ചിരുന്നു. ഇതിന് പുറമെ ഇന്നലെ പോകേണ്ട വിമാനം ഇന്നാണ് പുറപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി ഷെഡ്യൂളുകളിലാണ് മാറ്റം വന്നത്.

തബൂക്ക് ത്വാഇഫ് അൽബഹ ജിസാൻ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നവരാണ് ഇതോടെ വെട്ടിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതേ സ്ഥിതിയാണെന്ന് മുമ്പ് യാത്ര ചെയ്തവരും പരാതിപ്പെട്ടു. വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനവും വൈകിയിരുന്നു. നിരവധി തവണ യാത്ര നീട്ടിവെക്കുന്നതായി യാത്രക്കാർക്ക് സന്ദേശവും എത്തി. എന്നാൽ ദൂര ദിക്കിൽ നിന്ന് എത്തുന്ന പ്രവാസികളെയാണ് ഇത് ഏറെ വെട്ടിലാക്കുന്നത്.

നിരവധി തവണ സമയം മാറ്റുന്നതോടെ ഇവർ വഴിയിൽ കുടുങ്ങുന്ന അവസ്ഥയുണ്ട്. അടിയന്തരമായി നാട്ടിലെത്തേണ്ട യാത്രക്കാരും ദുരിതത്തിലാണ്. വിമാനം സമയം മാറ്റുന്നത് എന്തിനെന്ന കൃത്യമായ മറുപടിയും യാത്രക്കാർക്ക് നൽകുന്നില്ല. സാങ്കേതിക തകരാറാണെന്ന സ്ഥിരം മറുപടി മാത്രമാണ് ലഭിക്കുന്നതെന്നും യാത്രക്കാർ പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News