സൗദിയിൽ നികുതി വെട്ടിപ്പുകൾക്കെതിരെ കർശന നടപടി; വിവരം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ വരെ പാരിതോഷികം

മെയ് മാസത്തിൽ രാജ്യത്തുടനീളം 15,000ത്തിലധികം പരിശോധനകളാണ് അതോറിറ്റി നടത്തിയത്

Update: 2025-06-16 18:23 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദി അറേബ്യയിൽ നികുതി വെട്ടിപ്പുകൾ തടയുന്നതിനായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (ZATCA) പരിശോധനകൾ ശക്തമാക്കി. നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന പൊതുജനങ്ങൾക്ക് ആയിരം റിയാൽ മുതൽ പത്ത് ലക്ഷം റിയാൽ വരെ പാരിതോഷികം നൽകുമെന്ന് അതോറിറ്റി പ്രഖ്യാപിച്ചു.

കഴിഞ്ഞ മെയ് മാസത്തിൽ രാജ്യത്തുടനീളം 15,000ത്തിലധികം പരിശോധനകളാണ് അതോറിറ്റി നടത്തിയത്. ചില്ലറ വിൽപ്പനശാലകൾ, പുകയില ഉത്പന്ന വിൽപ്പന കേന്ദ്രങ്ങൾ, സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾ, പൊതു സേവന ദാതാക്കൾ എന്നിങ്ങനെ വിവിധ വാണിജ്യ മേഖലകളിൽ പരിശോധനകൾ നടന്നു. അതോറിറ്റി അംഗീകൃതമല്ലാത്ത ഇൻവോയിസുകൾ നൽകുക, ഇലക്ട്രോണിക് ക്രെഡിറ്റ്, ഡെബിറ്റ് അറിയിപ്പുകൾ നൽകുന്നതിൽ വീഴ്ച വരുത്തുക, ഇലക്ട്രോണിക് നികുതി ഇൻവോയ്സുകൾ നൽകുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.

നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴയുടെ 2.5% ആണ് വിവരം നൽകുന്നവർക്ക് പ്രതിഫലമായി ലഭിക്കുക. കുറഞ്ഞത് 1,000 റിയാലും പരമാവധി 10 ലക്ഷം റിയാലുമാണ് പാരിതോഷിക തുകയായി നിശ്ചയിച്ചിരിക്കുന്നത്. അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അതോറിറ്റിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പൊതുജനങ്ങൾക്ക് നികുതി വെട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാവുന്നതാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News