അഞ്ചാമത് ഹജ്ജ് ഉച്ചകോടിക്ക് നാളെ തുടക്കമാകും; കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പങ്കെടുക്കും

നവംബർ 12 വരെ ജിദ്ദ സൂപ്പർ ഡോമിലാണ് ഉച്ചകോടി

Update: 2025-11-08 15:52 GMT
Editor : Mufeeda | By : Web Desk

റിയാദ്: മക്കയിൽ നിന്ന് ലോകത്തിലേക്ക് എന്ന സന്ദേശവുമായി സൗദിയിൽ അഞ്ചാമത് ഹജ്ജ് ഉച്ചകോടിക്ക് നാളെ തുടക്കമാകും. ഹജ്ജ്, ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിന്റെ പങ്കെടുക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു സമ്മേളനത്തിൽ പങ്കെടുക്കും. നവംബർ 12 വരെ ജിദ്ദ സൂപ്പർ ഡോമിലാണ് ഉച്ചകോടി.

ഹജ്ജിനും ഉംറക്കുമെത്തുന്ന വിശ്വാസികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുക, ഹജ്ജ് സേവനദാതാക്കളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നാലുദിവസം നീളുന്ന സമ്മേളനം. മന്ത്രാലയം നടത്തിവരുന്ന പ്രവർത്തനങ്ങളും ഇവിടെ വിശദീകരിക്കും. ഇന്ത്യ-സൗദി ഹജ്ജ് കരാറും സമ്മേളനത്തിന്റെ ഭാഗമായി ഒപ്പുവെക്കും. അതിനായി കഴിഞ്ഞ ദിവസം മന്ത്രി കിരൺ റിജിജു ജിദ്ദയിൽ എത്തിയിരുന്നു.

സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, നയതന്ത്രജ്ഞർ ഉൾപ്പെടെ 100-ലധികം പ്രഭാഷകരും പങ്കെടുക്കുന്നുണ്ട്. 80-ലധികം ചർച്ചാ സെഷനുകളും 60 ശിൽപശാലകളും സമ്മേളനത്തിന്റെ ഭാഗമാവും.120 രാജ്യങ്ങളിലെ 260 പ്രദർശകരും സമ്മേളനത്തിൽ പങ്കെടുക്കും.

52,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പ്രദർശനം ഉൾപ്പെടെയുള്ള പരിപാടിയിലേക്ക് 150,000-ത്തിലധികം സന്ദർശകരെയാണ് ലക്ഷ്യമിടുന്നത്. സുസ്ഥിരത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ചയാകും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News