സൗദി ധനകാര്യ വിപണിയിൽ എല്ലാ വിഭാഗം വിദേശ നിക്ഷേപകർക്കും അവസരം
ഫെബ്രുവരി മുതൽ നിലവിൽ വരുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി
റിയാദ്: സൗദി അറേബ്യയുടെ ധനകാര്യ വിപണി എല്ലാ വിഭാഗം വിദേശ നിക്ഷേപകർക്കും തുറന്നുകൊടുക്കുന്നതായി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 1 മുതൽ നോൺ-റെസിഡന്റ് വിദേശ നിക്ഷേപകർക്കും പ്രധാന വിപണിയിൽ നേരിട്ട് നിക്ഷേപിക്കാൻ അനുമതി നൽകുന്നതാണ് പ്രഖ്യാപനം. കരട് നിയമത്തിന് അതോറിറ്റി ബോർഡ് അംഗീകാരം നൽകിയിരുന്നു.
പ്രധാന വിപണിയിലെ യോഗ്യതയുള്ള വിദേശ നിക്ഷേപകർ എന്ന ആശയം റദ്ദാക്കിയതാണ് പ്രധാന ഭേദഗതി. നോൺ-റെസിഡന്റ് വിദേശ നിക്ഷേപകർക്ക് ലിസ്റ്റഡ് സെക്യൂരിറ്റികളുടെ സാമ്പത്തിക ആനുകൂല്യങ്ങൾ മാത്രം ലഭിക്കാൻ ഉപയോഗിച്ചിരുന്ന സ്വാപ്പ് കരാറുകളുടെ റെഗുലേറ്ററി ഫ്രെയിംവർക്കും റദ്ദാക്കിയിട്ടുണ്ട്. പ്രധാന വിപണിയിൽ ലിസ്റ്റഡ് ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കാൻ അനുമതി നൽകും. അംഗീകരിച്ച ഭേദഗതികൾ പ്രധാന വിപണിയിലെ നിക്ഷേപകരുടെ തോത് വിപുലീകരിക്കാനും വൈവിധ്യവത്കരിക്കാനും ലക്ഷ്യമിടുന്നതാണെന്ന് അതോറിറ്റി വിശദീകരിച്ചു.