ഭരണ മികവിലൂടെ സൗദി വളർന്ന വർഷങ്ങൾ, മാറുന്ന സൗദിക്ക് സാക്ഷ്യം വഹിച്ച ഭരണാധികാരി: സൽമാൻ രാജാവിന്റെ ജീവിത കഥ

വനിതകളുടെ മുന്നേറ്റത്തിന് സൗദി സാക്ഷ്യം വഹിച്ച കഴിഞ്ഞ അഞ്ച് വർഷങ്ങൾ സൽമാൻ രാജാവിന്റെ ഭരണത്തിലെ സുപ്രധാന ഏടാണ്

Update: 2023-02-19 19:20 GMT
Advertising

സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് അൽ സഊദിന്റെ മകനാണ് നിലവിലെ ഭരണാധികാരി സൽമാൻ രാജാവ്. ലോക ശ്രദ്ധ നേടുന്ന വിധം സൗദിയെ വളർത്തിയെടുത്തത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. സ്ഥാപക ദിനം സൗദി ആഘോഷിക്കാനൊരുങ്ങുമ്പോൾ ഇദ്ദേഹത്തിന്റെ ഭരണ മികവ് കൂടിയാണ് ആഘോഷിക്കപ്പെടുന്നത്. 

1935 ഡിസംബർ 31ന് റിയാദിലാണ് സൽമാൻ രാജാവിന്റെ ജനനം. ഹസ്സ ബിൻത് അഹ്മദ് അൽ സുദൈരിയാണ് മാതാവ്. റിയാദിലെ കൊട്ടാരത്തിൽ വളർന്ന് ചെറുപ്പകാലം മുതലേ പിതാവിനൊപ്പം ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് പോന്നു. പ്രാഥമിക വിദ്യാഭ്യാസം റിയാദിൽ. പത്താമത്തെ വയസ്സിൽ ഖുർആൻ മനപാഠമാക്കി.

19-ആമത്തെ വയസ്സിൽ, 1954 മാർച്ച് പതിനാറിന് സൌദി തലസ്ഥാനമായ റിയാദിന്റെ ഉപ ഗവർണർ. 1963 ഫെബ്രുവരി 5ന് റിയാദ് ഗവർണർ. അന്ന് മുതൽ റിയാദ് ഭരിച്ചത് 2011 നവംബർ അഞ്ച് വരെ 48 വർഷം. ഈ ഭരണക്കാലത്താണ് റിയാദ് രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായി വളർന്നത്. മണൽ പൊടി പാറുന്ന ചെറു വാഹനങ്ങൾ മാത്രമുണ്ടായിരുന്ന റിയാദിന്റെ, മെട്രോ വരെ നീളുന്ന അത്യാധുനിക പദ്ധതികൾക്ക് പിന്നിലെ ചുക്കാൻ പിടിച്ചത് സൽമാനായിരുന്നു.

2011 നവംബറിൽ പ്രതിരോധ മന്ത്രിയായി സ്ഥാനക്കയറ്റം. കര, നാവിക, വ്യോമ സേനയുടെ വളർച്ച കൈവരിക്കുന്നതും ഇക്കാലത്താണ്. സൌദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസം സംഘടിപ്പിച്ചതും ഇക്കാലത്താണ്. 2013ൽ സൌദിയുടെ പ്രതിരോധ ചെലവ് 67 ബില്യൺ ഡോളറിലെത്തിച്ച് സൈനിക ശക്തിയിൽ നാലാമതായി. 2014ൽ ഇറാഖിലും സിറിയയിലും ഐഎസിനെതിരായ സൈനിക നീക്കത്തിൽ ഭാഗമായി. 2012ൽ സഹോദരൻ നാഇഫ് ബിൻ അബ്ദുൽ അസീസിന്റെ മരണം. അതോടെ കിരീടാവകാശി. അബ്ദുള്ള രാജാവിന്റെ മരണത്തോടെ 2015ൽ സൌദി രാജാവായി ഉയർന്നു.

2015 ജനുവരി 23ന് സൌദി ഭരണാധികാരിയായി ചുമതലയേൽക്കുന്‌പോൾ പ്രായം 79. അധികാരമേറ്റ് ജനുവരി 3ദന് മന്ത്രിസഭാ അഴിച്ചു പണി. വിദ്യാർഥികൾക്കും, സൈനികർക്കും, പെൻഷൻകാർക്കും പ്രത്യേക ബോണസ് നൽകി. പിന്നീട് അധികാരത്തിൽ സുതാര്യത കൊണ്ടു വരാനുള്ള ശ്രമങ്ങൾ. സർക്കാർ സെക്രട്ടറിമാരുടെ എണ്ണം പന്ത്രണ്ടിൽ നിന്ന് രണ്ടാക്കി ചുരുക്കി.

2011ലെ അറബ് വസന്ത ഉയർത്തെഴുന്നേൽപ്പിനെ തുടർന്നാണ് യമനിൽ ആഭ്യന്തര കലഹങ്ങൾക്കും പിന്നാലെ യുദ്ധത്തിനും തുടക്കമാകുന്നത്. 2015 മാർച്ചിൽ യമനിലെ ആഭ്യന്തര യുദ്ധത്തിൽ സൌദി ഇടപെട്ടു. യമനിലെ പ്രസിഡണ്ട് അലി അബ്ദുള്ള സാലിഹിനെ തിരികെ ഭരണത്തിലെത്തിക്കാനായിരുന്നു ഇത്. സൗദിയുടെ വിവിധ അതിർത്തികളിൽ ഹൂതികൾ നടത്തുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. യമനിൽ ഹൂതികൾ വിവിധ കേന്ദ്രങ്ങൾ പിടിച്ചെടുത്തു. ഇവരെ ലക്ഷ്യം വെച്ച് 1990-91ലെ ഗൾഫ് യുദ്ധത്തിന് ശേഷം അന്നാദ്യമായി സൌദി ഒരയൽ രാജ്യത്ത് ബോംബിങ് തുടങ്ങി. ഖത്തറും യുഎഇയുമുൾപ്പെടെ 14 രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു ഇത്. ഇന്ന് യമനിൽ വെടിനിർത്തൽ വരെ എത്തി നിൽക്കുന്നു സ്ഥിതി.

2015ൽ കിങ് സൽമാൻ റിലീഫ് - ഹ്യൂമാനിറ്റേറിയൻ കേന്ദ്രം സ്ഥാപിച്ചത് പ്രധാന വഴിത്തിരിവായിരുന്നു. ചൈനയിലെ റോഹിങ്ക്യകൾക്കും സൗദി സഹായം നൽകുന്നു. ഫലസ്തീനുൾപ്പെടെയുള്ള വിഷയങ്ങളിൽ സൗദിയുടെ പരമ്പരാഗത നിലപാടിൽ ഉറച്ചു നിന്നു. കൂടെയുള്ള അറബ് രാജ്യങ്ങളിൽ ചിലത് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചപ്പോഴും പഴയ നിലപാടിൽ സൗദി ഉറച്ചു നിന്നു. 1967ലെ അതിർത്തികളോടെ ജെറുസലേം തലസ്ഥാനമായുള്ള സൗദി രാഷ്ട്രം പിറക്കുമെന്ന ആവശ്യം അംഗീകരിക്കാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധമുണ്ടാകില്ലെന്ന് സൗദി ആവർത്തിച്ച് പ്രഖ്യാപിച്ചു.ഫലസ്തീൻ അഭയാർഥി ഏജൻസിക്കുള്ള സഹായം അമേരിക്കയിലെ ട്രംപ് ഭരണകൂടം പിൻവലിച്ചപ്പോൾ അത് നികത്താൻ യുഎഇ സഹായത്തോടെ പണം സമാഹരിച്ചത് സൽമാൻ രാജാവാണ്. ഏറ്റവുമൊടുവിൽ ഭൂകമ്പ ബാധിതമായ തുർക്കി സിറിയ മേഖലയിലേക്ക് തുടരെ വിമാനങ്ങളയക്കുന്ന പദ്ധതിയും തുടരുന്നു.

യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധം ശക്തമായി തുടർന്ന ഭരണകാലയളവാണ് അദ്ദേഹത്തിന്റേത്. യുഎസ് പ്രസിഡണ്ടായിരുന്ന ഡൊണാൾഡ് ട്രംപിന്റെ വരവോടെ സൗദി യുഎസ് ബന്ധം അതിശക്തമായി. പിന്നാലെയെത്തിയ ജോ ബൈഡൻ വിവിധ വിഷയങ്ങളിൽ സൗദിയുമായി ഇടഞ്ഞു. ഇതോടെ ചൈന റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ അടുപ്പിച്ചു നിർത്തുന്ന അടവു നയങ്ങൾക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. ജി20 ഉച്ചകോടിയുൾപ്പെടെ വിവിധ അന്താരാഷ്ട്ര ഉച്ചകോടികൾക്കും സൗദി സാക്ഷിയായി.

വനിതകളുടെ മുന്നേറ്റത്തിന് സൗദി സാക്ഷ്യം വഹിച്ച കഴിഞ്ഞ അഞ്ച് വർഷങ്ങൾ സൽമാൻ രാജാവിന്റെ ഭരണത്തിലെ സുപ്രധാന ഏടാണ്. 2017ൽ വനിതകൾക്ക് വാഹനമോടിക്കാൻ അനുമതി, വിദേശ യാത്രക്ക് വനിതകൾക്ക് പിതാവിന്റെ സമ്മതം വേണമെന്ന ചട്ടം നീക്കൽ, രാജ്യത്തെ എല്ലാ ജോലികളിലും ഭരണ തലത്തിലും വനിതാ പ്രാതിനിധ്യം വർധിച്ചതും ഈ ഭരണകാലയളവിലാണ്. വനിതകളുടെ സ്വാതന്ത്ര്യം, അവകാശം എന്നിവ വകവെച്ചു കൊടുക്കുന്ന നിയമവും കർശനമാക്കി. രാജ്യത്ത് സ്വദേശിവത്കരണം ശക്തമാക്കി പൗരന്മാർക്ക് ജോലി വർധിപ്പിച്ചതും ഇക്കാലയളവിലാണ്. അന്താരാഷ്ട്ര ഏജൻസികളുടെ ആവശ്യത്തിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കൽ, രാജ്യത്ത് ചാട്ടവാറടി നിരോധിക്കൽ തുടങ്ങിയ പരിഷ്‌കരണങ്ങൾക്കും സൗദി സാക്ഷിയായി.

Full View

കോവിഡ് കാലത്ത് സ്വദേശി വിദേശി ഭേദമന്യേ എല്ലാവർക്കും സൗജന്യ ചികിത്സ നൽകി. കോവിഡിന് ശേഷം റെക്കോഡ് വേഗത്തിൽ വളർന്ന രാജ്യമാണ് സൗദി. കോവിഡാനന്തരം മിച്ച ബജറ്റ് പ്രഖ്യാപിച്ച രാജ്യം. ബിനാമി ബിസിനസുകാർക്ക് ഇളവ് നൽകി അവർക്ക് നിക്ഷേപാവസരം നൽകിയതോടെ മലയാളികളടക്കം 50,000ത്തതിനടുത്ത് സ്ഥാപനങ്ങളാണ് സ്ഥാപനങ്ങൾ സ്വന്തം പേരിലാക്കിയത്. രാജ്യത്ത് വിദ്യാഭ്യാസ, ടൂറിസം , വൻകിട പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകി വരുന്നു. ഇടക്കാലത്ത് ആരോഗ്യ പ്രയാസങ്ങളിൽ വിശ്രമമെടുത്തു. ഇന്ന് മകനും കിരീടാവകാശിയും പ്രധാനമന്തിയുമായ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയോടെ പുതിയ തലത്തിലേക്ക് സൗദിയെ കൈപിടിച്ചുയർത്തുകയാണ് സൽമാൻ രാജാവ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News