മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഹെലികോപ്റ്റർ സേവന കേന്ദ്രം 'ഹെലിപാർക്ക്' റിയാദിൽ വരുന്നു

ഹെലികോപ്റ്ററുകളുടെ വിൽപ്പന, അറ്റകുറ്റപ്പണികൾ, സ്പെയർ പാർട്സ് ലഭ്യമാക്കൽ തുടങ്ങി എല്ലാവിധ സേവനങ്ങളും

Update: 2025-12-23 12:19 GMT
Editor : Thameem CP | By : Web Desk

റിയാദ്: മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കൻ മേഖലകളിലെ തന്നെ ആദ്യത്തെ സമ്പൂർണ സംയോജിത ഹെലികോപ്റ്റർ സേവന കേന്ദ്രമായ ഹെലിപാർക്ക് സൗദിയിൽ ആരംഭിക്കുന്നു. റിയാദിലെ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് സോണും പ്രമുഖ ഹെലികോപ്റ്റർ വിതരണക്കാരായ റോട്ടർട്രേഡും തമ്മിൽ ഒപ്പിട്ട കരാറിലൂടെയാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്. റിയാദ് ഇന്റഗ്രേറ്റഡ് സോണിലെ 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് ഹെലികോപ്റ്ററുകൾക്കായുള്ള പ്രത്യേക ഹാങ്ങറുകൾ, അത്യാധുനിക വർക്ക്ഷോപ്പുകൾ, ഹെലിപാഡുകൾ എന്നിവ സജ്ജീകരിക്കും. ഹെലികോപ്റ്ററുകളുടെ വിൽപ്പന, അറ്റകുറ്റപ്പണികൾ, സ്പെയർ പാർട്സ് ലഭ്യമാക്കൽ തുടങ്ങി എല്ലാവിധ സേവനങ്ങളും ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുക എന്നതാണ് ഹെലിപാർക്കിന്റെ ലക്ഷ്യം.

Advertising
Advertising

സൗദി വിഷൻ 2030ന്റെയും നാഷണൽ ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക് സ്ട്രാറ്റജിയുടെയും ഭാഗമായാണ് ഈ വൻകിട പദ്ധതി നടപ്പിലാക്കുന്നത്. ആഗോള വ്യോമയാന രംഗത്ത് സൗദിയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ കേന്ദ്രം സഹായിക്കും. പുതിയ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനും ഉപയോഗിച്ചവ കൈമാറുന്നതിനും പുറമെ, പ്രവർത്തന കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകൾ അഴിച്ചുമാറ്റി അവയുടെ പാർട്സുകൾ പുനരുപയോഗിക്കാൻ കഴിയുന്ന വിധത്തിൽ മാറ്റുന്നതിനുള്ള റീജിയണൽ സെന്ററായും ഇത് പ്രവർത്തിക്കും. വ്യോമയാന മേഖലയിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ രാജ്യത്ത് ലഭ്യമാക്കുന്നതിൽ ഹെലിപാർക്ക് വലിയ പങ്ക് വഹിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News