സൗദിയിൽ സംരക്ഷിത വനമേഖലയിൽ അറേബ്യൻ കലമാനുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്
വന്യജീവി സംരക്ഷണ നിയമം ശക്തമാക്കിയതോടെയാണ് പ്രത്യേക വിഭാഗത്തിൽപെട്ട മാനുകളുടെ എണ്ണം വർധിച്ചത്
ദമ്മാം: സൗദിയിൽ സംരക്ഷിത വനമേഖലയിൽ അറേബ്യൻ കലമാനുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. വന്യജീവി സംരക്ഷണ നിയമം ശക്തമാക്കിയതോടെയാണ് പ്രത്യേക വിഭാഗത്തിൽപെട്ട മാനുകളുടെ എണ്ണം വർധിച്ചത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതിന് സൗദി വന്യജീവി പുനരധിവാസ പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്.
അറേബ്യൻ കലമാനുകൾ വിഭാഗത്തിൽ പെട്ട മാനുകളുടെ എണ്ണം സൗദിയിലെ റിസർവ് വനങ്ങളിൽ വർധിച്ചതായി ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ നാച്ചുറൽ റിസർവ് ഡവലപ്പ്മെന്റ് അറിയിച്ചു. വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ പ്രത്യേക പദ്ധതി നടപ്പിലാക്കി വരുന്നുണ്ട് ഇതിന്റെ ഭാഗമായി അറേബ്യൻ കലമാനുകളുടെയും ഒട്ടപക്ഷികളുടെയും മറ്റു അപൂർവ്വ ജീവികളുടെയും ഒരു കൂട്ടത്തെ മാസങ്ങൾക്ക് മുമ്പ് സംരക്ഷിത വനമേഖലയിൽ തുറന്ന് വിട്ടിരുന്നു. മാനുകളുടെ എണ്ണം വർധിക്കുന്നത് സൗദി സ്വീകരിച്ച വന്യജീവി സംരഭത്തിന്റെ വിജയം കൂടിയാണെന്ന് അതോറിറ്റി വ്യക്തമാക്കി. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെയും പക്ഷികളെയും വേട്ടയാടുന്നതും ദുരപയോഗം ചെയ്യുന്നതും രാജ്യത്ത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.