'പുറംമതിലിന് ചുറ്റും മരം നടണം'; ഖസീമിൽ കെട്ടിടാനുമതിക്ക് പുതിയ നിബന്ധന പുറത്തിറക്കി മേയർ
നിർമാണം പൂർത്തിയാക്കി താമസാനുമതി പത്രം ലഭിക്കുന്നതിനും മരം നടീൽ പൂർത്തിയാക്കിയിരിക്കണം
റിയാദ്: സൗദിയിലെ ഖസീം മേഖലയെ കൂടുതൽ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ നിർണായക ഉത്തരവുമായി മേയർ മുഹമ്മദ് അൽ മജലി. ഇനി പുതിയ വീടുകളോ റെസിഡൻഷ്യൽ കോംപ്ലക്‌സുകളോ നിർമിക്കുമ്പോൾ, കെട്ടിടത്തിന്റെ പുറംമതിലിന് ചുറ്റും കുറഞ്ഞത് മൂന്ന് മരങ്ങളെങ്കിലും നിർബന്ധമായും നട്ടിരിക്കണം. ഇത് പാലിച്ചാൽ മാത്രമേ കെട്ടിട നിർമ്മാണാനുമതി ലഭിക്കുകയുള്ളു. നിർമാണം പൂർത്തിയാക്കി താമസാനുമതി പത്രം ലഭിക്കുന്നതിനും മരം നടീൽ പൂർത്തിയാക്കിയിരിക്കണം.
ഇതു സംബന്ധിച്ച് മേഖലയിലെ എല്ലാ മുനിസിപ്പാലിറ്റി മേധാവികൾക്കും സർക്കുലർ അയച്ചു. കൂടാതെ അംഗീകൃത എൻജിനീയറിങ് ഓഫീസുകൾക്ക് അറിയിപ്പ് നൽകാനും മേയർ ആവശ്യപ്പെട്ടു. ഖസിം മുനിസിപ്പാലിറ്റി മുന്നോട്ട് വെക്കുന്ന ഹരിതവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് നടപടി. പരിസ്ഥിതി സൗഹൃദ നഗരങ്ങളെ വാർത്തെടുക്കുക എന്ന സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് സഹായകരമാകും