'ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം മാത്രം ശാശ്വത വഴി'; യു.എൻ ഉച്ചകോടിയിൽ 'ആഗോള കൂട്ടായ്മ'
ന്യൂയോർക്കിൽ നടക്കുന്ന 81-ാമത് യു.എൻ ജനറൽ അസംബ്ലി ഉച്ചകോടിയിലാണ് നിലപാട് വ്യക്തമാക്കിയത്
റിയാദ്: ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം ഉറപ്പുവരുത്തുന്നതിനും ഇസ്രായേലിന്റെ ശാശ്വത സുരക്ഷയ്ക്കും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഏക മാർഗം 'ദ്വിരാഷ്ട്ര പരിഹാരം' മാത്രമാണെന്ന് ആഗോള കൂട്ടായ്മ. ന്യൂയോർക്കിൽ നടക്കുന്ന 81-ാമത് ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലി ഉച്ചകോടിയോട് അനുബന്ധിച്ച് ചേർന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് അന്താരാഷ്ട്ര സമൂഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീൻ പ്രധാനമന്ത്രിയും നൂറോളം രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ, നിലവിലെ വെല്ലുവിളികൾക്കിടയിലും ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ആഗോള പിന്തുണ മുൻകാലങ്ങളേക്കാൾ ശക്തമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.
വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ വികാസം, കെട്ടിടങ്ങൾ തകർക്കൽ, ജനങ്ങളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കൽ, ഭൂമി പിടിച്ചെടുക്കൽ, കുടിയേറ്റക്കാരുടെ അക്രമങ്ങൾ എന്നിവ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിത്തറയിളക്കുന്ന നടപടികളാണെന്ന് യോഗം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ ചരിത്രപരവും നിയമപരവുമായ പദവി നിലനിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രധാന നിർദേശങ്ങളും തീരുമാനങ്ങളും:
- ഗസ്സയും കിഴക്കൻ ജറുസലേം ഉൾപ്പെടുന്ന വെസ്റ്റ് ബാങ്കും ഒരൊറ്റ ഫലസ്തീൻ ഭൂപ്രദേശമാണ്. 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി പരമാധികാരമുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരണം.
- ഗസ്സക്ക് മാത്രമായി വേറിട്ട രാഷ്ട്രീയ ഭാവി എന്ന നീക്കം യോഗം തള്ളിക്കളഞ്ഞു. ഇടക്കാല ക്രമീകരണങ്ങളിലൂടെ വെസ്റ്റ് ബാങ്കും ഗസ്സയും ഒറ്റ നിയമാനുസൃത ഫലസ്തീൻ സർക്കാറിന് കീഴിൽ കൊണ്ടുവരണം.
- ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണം. ഹമാസ് ഉൾപ്പെടെയുള്ള സംഘടനകളുടെ നിരായുധീകരണം, ഗസ്സയിൽ നിന്നുള്ള ഇസ്രായേലിന്റെ പൂർണമായ സേനാപിന്മാറ്റം എന്നിവ ഉറപ്പാക്കണം.
- UNRWA ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭാ ഏജൻസികൾ വഴി തടസ്സങ്ങളില്ലാതെ ഗസ്സയിലുടനീളം മാനുഷിക സഹായങ്ങൾ എത്തിക്കണം. പുനർനിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണം.
- തടഞ്ഞുവെച്ച ഫണ്ടുകൾ ഇസ്രായേൽ റിലീസ് ചെയ്യണം. ഫലസ്തീൻ സ്ഥാപനങ്ങളുടെ നവീകരണത്തിനും ഭാവിയിൽ ദേശീയ തിരഞ്ഞെടുപ്പ് നടത്തുന്നതിനും പിന്തുണ നൽകും.
ഈ പോരാട്ടം മതപരമല്ലെന്നും രാഷ്ട്രീയവും പ്രാദേശികവുമായ ഒന്നാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു. 2024 ജൂലൈയിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) ഉപദേശക അഭിപ്രായവും യു.എൻ പ്രമേയങ്ങളും പാലിച്ച് മുന്നോട്ടുപോകാൻ കൂട്ടായ്മ തീരുമാനിച്ചു. ദ്വിരാഷ്ട്ര പരിഹാരം തടസ്സപ്പെടുത്തുന്നത് വഴി ഇസ്രായേലിന് ശാശ്വത സുരക്ഷ ലഭിക്കില്ലെന്നും അന്താരാഷ്ട്ര സമൂഹം ഓർമിപ്പിച്ചു.