'പശ്ചിമേഷ്യൻ സംഘർഷം ലോകസമ്പദ്‌വ്യസ്ഥയെ ബാധിക്കുന്നു'; ജിസിസി സെക്രട്ടറി ജനറൽ

ഭക്ഷ്യസുരക്ഷക്കുള്ള റോം സഖ്യത്തിന്റെ രണ്ടാമത് മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2026-09-25 10:52 GMT

ന്യൂയോർക്ക്\ റിയാദ്: നിലവിലുള്ള പ്രാദേശിക പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പ്രാദേശിക, യൂറോപ്യൻ, ആഗോള സമ്പദ്‌വ്യവസ്ഥകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ. സമുദ്രഗതാഗതത്തിലെ തടസ്സങ്ങളും ഉയർന്നുവരുന്ന യാത്രാചെലവുകളും ചരക്ക് വില, ഭക്ഷണ വില, വിതരണ ശൃംഖലകൾ എന്നിവയെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്നുകൊണ്ടിരിക്കുന്ന പൊതുസഭയുടെ 81-ാമത് സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന ഭക്ഷ്യസുരക്ഷക്കുള്ള റോം സഖ്യത്തിന്റെ രണ്ടാമത് മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

നിലവിലെ പ്രതിസന്ധികളുടെ സാമ്പത്തിക ആഘാതങ്ങളെ നേരിടാനും, ഊർജ-ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്താനും, വിതരണ ശൃംഖലയുടെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള സാമ്പത്തിക, ലോജിസ്റ്റിക്, നിക്ഷേപ ശേഷികൾ ജിസിസി അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഒരുമിച്ച് കൈവശം വച്ചിട്ടുണ്ടെന്ന് അൽ ബുദൈവി എടുത്തുപറഞ്ഞു.

നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങൾ അനുവദിക്കുന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനും കയറ്റുമതി തുടരുന്നതിനും ജിസിസി രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, പൈപ്‍ലൈനുകൾ, വാണിജ്യ തുറമുഖങ്ങൾ, റെയിൽവേ ശൃംഖലകൾ, റോഡുകൾ, തന്ത്രപ്രധാനമായ സംഭരണശാലകൾ എന്നിവ വികസിപ്പിച്ചുകൊണ്ട് ഗതാഗത മാർ​ഗങ്ങൾ വൈവിധ്യവത്കരിക്കാനും പ്രാദേശിക-ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്താനും ജിസിസി രാജ്യങ്ങൾ നടപ്പിലാക്കിവരുന്ന സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കപ്പൽ ഗതാഗതവും സമുദ്ര ഇൻഷുറൻസ് അപകടസാധ്യതകളും ലഘൂകരിക്കുന്നതിനും, ഭക്ഷണം, വളം, ഇന്ധനം എന്നിവയുടെ കയറ്റുമതിക്ക് മുൻഗണന നൽകുന്നതിനും കൂട്ടായ പ്രവർത്തനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജിസിസി-ഇയു ഉച്ചകോടി ഈ തന്ത്രപരമായ മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുമെന്നും, ഉഭയകക്ഷി വാണിജ്യത്തെയും വിതരണ ശൃംഖലകളെയും ബാധിക്കുന്ന സാമ്പത്തിക, റെഗുലേറ്ററി വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ മെച്ചപ്പെടുത്തുമെന്നും സെക്രട്ടറി ജനറൽ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News