ഗസ്സ പുനരധിവാസം: ഈജിപ്തിന്റെ ശ്രമങ്ങളെ പ്രശംസിച്ച് സൗദി

രക്ഷാസമിതി പ്രമേയം നടപ്പാക്കണമെന്ന് സൗദിയുടെ നിർദേശം

Update: 2026-09-25 10:01 GMT

റിയാദ്: ​ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും ഈജിപ്ത് നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് സൗദി അറേബ്യ. ന്യൂയോർക്കിൽ ഈജിപ്തിന്റെ നേതൃത്വത്തിൽ ഫ്രാൻസ്, ജർമനി, യൂറോപ്യൻ കമ്മീഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഉന്നതതല വട്ടമേശ യോഗത്തിൽ സംസാരിക്കുകയായിരുന്നു സൗദി പ്രതിനിധി ഡോ. മനാൽ റദ്വാൻ. ഈജിപ്തിലെ ഷറമുൽ ശൈഖ് ഉച്ചകോടിയിലെ തീരുമാനങ്ങൾ പാലിക്കാൻ ബന്ധപ്പെട്ട കക്ഷികൾ തയ്യാറാകണമെന്ന് ഡോ. മനാൽ റദ്വാൻ ആവശ്യപ്പെട്ടു. പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടക്കണമെന്നും ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പ്രമേയം 2803 നടപ്പിലാക്കണമെന്നും അവർ ഊന്നിപ്പറഞ്ഞു.

Advertising
Advertising

ഫലസ്തീൻ ജനതയ്ക്കായി സൗദി അറേബ്യ നൽകിവരുന്ന സഹായങ്ങൾ റദ്വാൻ യോഗത്തിൽ വിശദീകരിച്ചു. ഫലസ്തീനിൽ ഏകദേശം 50 കോടി ഡോളർ ചെലവിൽ 160-ഓളം വികസന-ദുരിതാശ്വാസ പദ്ധതികൾ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ നടപ്പിലാക്കി. കൂടാതെ, സൗദി അറേബ്യ നേരിട്ട് ഫലസ്തീൻ സർക്കാരിന് 120 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായവും കൈമാറി. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർത്ഥി ഏജൻസിയായ UNRWAക്കുള്ള പിന്തുണയും സൗദി തുടരുന്നുണ്ട്.

തടസ്സങ്ങളൊന്നുമില്ലാതെ മാനുഷിക സഹായങ്ങൾ ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് റദ്വാൻ ആവശ്യപ്പെട്ടു. മാനുഷിക സാഹചര്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനെയും, ഇത് ഉപയോഗിച്ച് ഫലസ്തീനികളെ ഒഴിപ്പിക്കാനോ സമ്മർദ്ദത്തിലാക്കാനോ ഉള്ള നീക്കങ്ങളെയും സൗദി പൂർണമായി തള്ളിക്കളയുന്നു. ശാശ്വതവും നീതിപൂർവവുമായ സമാധാനത്തിന് വഴിയൊരുക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളുമായി സൗദി മുന്നോട്ടുപോകുമെന്നും ഡോ. മനാൽ റദ്വാൻ വ്യക്തമാക്കി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News