'ഫലസ്തീന് പൂർണ പിന്തുണ'; നികുതി വരുമാനം ഉടൻ വിട്ടുനൽകണമെന്ന് യു.എന്നിൽ സൗദി
മാനുഷിക സഹായം,പുനർനിർമാണം ഏകോപിപ്പിക്കാനും ആവശ്യം
റിയാദ്: ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണ ആവർത്തിച്ച് സൗദി അറേബ്യ. ന്യൂയോർക്കിൽ നടക്കുന്ന 81-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ഫലസ്തീൻ സഹായത്തിനായുള്ള സമിതി യോഗത്തിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രിയുടെ പ്രത്യേക പ്രതിനിധി മനാൽ റദ്വാനാണ് സൗദിയെ പ്രതിനിധീകരിച്ചത്. ഫലസ്തീനും സ്ഥാപനങ്ങൾക്കും സൗദിയുടെ പിന്തുണ തുടരുമെന്ന് അവർ പറഞ്ഞു.
ഫലസ്തീൻ അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നും ഫലസ്തീന് ലഭിക്കാനുള്ള നികുതി വരുമാനം വൈകാതെ പൂർണമായി നൽകണമെന്നും റദ്വാൻ ആവശ്യപ്പെട്ടു. സാമ്പത്തിക ബാധ്യതകളെ പരിഷ്‌കരണ നടപടികളുമായി ബന്ധിപ്പിക്കരുതെന്നും അവർ പറഞ്ഞു. മാനുഷിക സഹായം, അടിയന്തര പുനരധിവാസം, പുനർനിർമാണം എന്നിവയ്ക്കുള്ള ധനസഹായം ഏകോപിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കും ഗസ്സയും ഒരുമിച്ച് നിലനിർത്തുകയും ഗസ്സയുടെ ചുമതലകൾ ഏറ്റെടുക്കാൻ ഫലസ്തീൻ അതോറിറ്റിക്ക് അവസരം നൽകുകയും വേണമെന്നും റദ്വാൻ വ്യക്തമാക്കി. പുതിയ കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനം, കുടിയേറ്റക്കാരുടെ അക്രമം തുടങ്ങിയ നടപടികൾ ഫലസ്തീനെ ദുർബലപ്പെടുത്തുന്നതായും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളെ ബാധിക്കുന്നതായും റദ്‌വാൻ പറഞ്ഞു.