സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുടെ വിവരം ശേഖരിക്കുന്നത് നിരീക്ഷിക്കുന്നു: സൗദി ഡാറ്റ എ.ഐ അതോറിറ്റി

സൗദിയിലെ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി എസ്ഡിഎഐഎയാണ്

Update: 2024-09-11 16:12 GMT

റിയാദ്: സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുടെ വിവര ശേഖരണം നടത്തുന്നത് ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്ന് സൗദി ഡാറ്റ ആന്റ് എ.ഐ അതോറിറ്റി വക്താവ് സത്താം അൽ സുബൈഈ. റിയാദിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള സമ്മേളനത്തിൽ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അതോറിറ്റിയുടെ വക്താവ്. വ്യക്തികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ടും ഡാറ്റ ചൂഷണത്തിനെതിരായും സൗദിയിൽ കർശനമായ നിയമമുണ്ടെന്നും അതോറിറ്റി വക്താവ് പറഞ്ഞു.

എ.ഐ ഉൾപ്പെടെയുളള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ സൗദി മുൻനിരയിലാണ്. രാജ്യത്തെ ജനസംഖ്യയിലെ എഴുപത് ശതമാനം വരുന്ന യുവ ജനത ഈ രംഗത്തേക്ക് സജീവമായാണ് വരുന്നത്. എ.ഐ രംഗത്തേക്ക് നിരവധി പേർ കടന്നുവരുന്നുണ്ടെന്നും സത്താം അൽ സുബൈഈ പറഞ്ഞു. എസ്ഡിഎഐഎ എന്ന സടായ സൗദിയിലെ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ്. ഈ അതോറിറ്റിയിൽ മാത്രം നാലായിരം സൗദി യുവജനത ജോലി ചെയ്യുന്നുണ്ട്.

Advertising
Advertising

അതോറിറ്റിക്ക് മൂന്ന് പ്രധാന ശാഖകളാണ് ഉള്ളത്. നാഷണൽ ഇൻഫമേഷൻ സെന്റർ, നാഷണൽ സെന്റർ ഫോർ എ.ഐ, നാഷണൽ ഡാറ്റ മാനേജ്‌മെന്റ് ഓഫീസ് എന്നിവയാണിത്. നാഷണൽ ഡാറ്റ മാനേജ്‌മെന്റ് ഓഫീസാണ് ഡാറ്റയുമായി ബന്ധപ്പെട്ട മുഴുവൻ നിയന്ത്രണങ്ങളുടേയും ഉത്തരവാദിത്തം. കഴിഞ്ഞ വർഷം ഡാറ്റ സംരക്ഷണ നിയമം നടപ്പാക്കിയിരുന്നു. വ്യക്തികളുടെ സ്വകാര്യത വളരെ ഗൗരവമായാണ് സൗദി അറേബ്യ പരിഗണിക്കുന്നത്.

യുനസ്‌കോയുമായി ചേർന്ന് സൗദി അറേബ്യ ഐകെയർ എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആസ്ഥാനം സൗദിയിലായിരിക്കും. എ.ഐ എത്തിക്‌സുമായി ബന്ധപ്പെട്ടാകും ഈ ഓഫീസിന്റെ പ്രവർത്തനം. മീഡിയവൺ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കും എ.ഐ ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഡാറ്റ നൽകുമ്പോൾ പാലിക്കേണ്ട ജാഗ്രത സംബന്ധിച്ചും ബോധവത്കരണം നൽകാനാകണമെന്ന് അതോറിറ്റി വക്താവ് പറഞ്ഞു.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News