യൂത്ത് ഇന്ത്യ സൂപ്പർ കപ്പ് ടൂർണമെന്റ് ട്രോഫി ലോഞ്ചിങ് സൗദിയിലെ റിയാദിൽ അരങ്ങേറി
അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ ഈ മാസം 21, 22 തിയതികളിലാണ് മത്സരങ്ങൾ
റിയാദ്: യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് സെവൻസ് ഫുട്‌ബോളിന്റെ ട്രോഫി ലോഞ്ചിങ് സൗദിയിലെ റിയാദിൽ അരങ്ങേറി. കൂറ്റൻ ട്രോഫി സമ്മാനിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുക്കുക. അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ ഈ മാസം 21, 22 തിയതികളിലാണ് മത്സരങ്ങൾ.
രണ്ട് ഗ്രൂപ്പുകളിലായി എട്ടു വീതം ടീമുകൾ മാറ്റുരക്കുന്നതാകും യൂത്ത് ഇന്ത്യയുടെ സൂപ്പർ കപ്പ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ്. സൂപ്പർ കപ്പ് നാലാം സീസണിന്റെ ട്രോഫി ലോഞ്ചിങ് റിയാദിലെ മലസിലായിരുന്നു. ടൂർണമെന്റിന്റെ മുഖ്യ പ്രായോജകരായ നൂറാന മെഡിക്കൽ സെന്റർ ജനറൽ മാനേജർ ഫാഹിദ് നീലാഞ്ചേരിയും സഹപ്രായോജകരായ മസ്ദർ ഗ്രൂപ്പ് പ്രതിനിധി സ്മിജോ തോമസും ചേർന്ന് പുതിയ ട്രോഫി പുറത്തിറക്കി. ഏറ്റവും വലിയ ട്രോഫിയാണ് ഇത്തവണയും സമ്മാനിക്കുക.
മത്സര ഫിക്ച്ചറിന്റെ ഔപചാരിക പ്രകാശനം നൗഷാദ് (ഫ്യൂച്ചർ മൊബിലിറ്റി) അജ്മൽ(അനലൈറ്റിസ്) എന്നിവർ ചേർന്ന് നടത്തി. മത്സര സമയാവലിയുടെ പ്രകാശനവും നടന്നു. അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ ഈ മാസം 21, 22 തിയതികളിലാണ് മത്സരങ്ങൾ നടക്കുക. യൂത്ത് ഇന്ത്യ ക്ലബ്ബ് സെക്രട്ടറി നബീൽ പാഴൂർ നേതൃത്വം നൽകി. വിവിധ ക്ലബ്ബ് പ്രതിനിധികളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. അബ്ദുല്ല വല്ലാഞ്ചിറ, മുജീബ് ഉപ്പട, സൈഫു കരുളായി, അഷ്ഫാഖ് കക്കോടി, തൗഫീഖുറഹ്മാൻ, ലത്തീഫ് ഓമശ്ശേരി, മുഹമ്മദലി വളാഞ്ചേരി എന്നിവർ സംസാരിച്ചു.