സൗദിയിലെ ജീസാനിൽ പ്രത്യേക സ്വദേശിവത്കരണം പ്രഖ്യാപിച്ചു

ആറ് മാസത്തിനകം നിശ്ചിത തൊഴിലുകളിൽ 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം

Update: 2023-01-21 18:51 GMT
Advertising

ജിദ്ദ: സൗദിയിലെ ജീസാനിൽ പ്രത്യേക സ്വദേശിവത്കരണം പ്രഖ്യാപിച്ചു. ആറ് മാസത്തിനകം നിശ്ചിത തൊഴിലുകളിൽ 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം. സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായാണ് ജിസാനിലേക്ക് മാത്രമായി പ്രത്യേക ഉത്തരവ്.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ജിസാനിലേക്ക് മാത്രമായി പുതിയ സ്വദേശിവൽക്കരണ വ്യവസ്ഥകൾ പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം സെയിൽസ് ഔട്ട്ലറ്റുകളിലെ പരസ്യ ഏജൻസികളുടെ കൗണ്ടറുകൾ, ഫോട്ടോ സ്റ്റുഡിയോ, ലാപ്‌ടോപ് കമ്പ്യൂട്ടർ എന്നിവയുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന ഷോപ്പുകൾ, എന്നിവിടങ്ങളിലെ ജോലികളിൽ ആകെ തൊഴിലാളികളുടെ 70 ശതമാനം സ്വദേശികളായിരിക്കണം. കൂടാതെ കല്യാണ മണ്ഡപം, ഹാൾ, വിവാഹങ്ങൾക്കും ഇവൻ്റുകൾക്കുമുള്ള സ്ഥാപനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബുക്കിങ് ഓഫിസുകൾക്കും മേൽനോട്ട ജോലികൾക്കും ഇതേ വ്യവസ്ഥ ബാധകമാണ്. എന്നാൽ ശുചീകരണം, കയറ്റിറക്ക് ജോലി തുടങ്ങി യൂനിഫോം ജോലികൾ ചെയ്യുന്നവർക്ക് ഇത് ബാധകമല്ല.

അതേ സമയം ഇത്തരം തൊഴിലാളികളുടെ എണ്ണം സ്ഥാപനത്തിലെ ആകെ തൊഴിലാളികളുടെ എണ്ണത്തിൻ്റെ 20 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. പാസഞ്ചർ കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതും പരിപാലിക്കുന്നതുമായ ജോലികളിലും, ഇതുമായി ബന്ധപ്പെട്ട അനുബന്ധ ജോലികളും 50 ശതമാനം സ്വദേശിവൽക്കരിക്കണമെന്ന് മന്ത്രാലയം പുറത്ത് വിട്ട ഉത്തരവിൽ വ്യക്തമാക്കുന്നു. ആദ്യഘട്ടം ആറുമാസത്തിനു ശേഷവും രണ്ടാംഘട്ടം 12 മാസത്തിനു ശേഷവുമാണ് നടപ്പാക്കുക. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വിശദീകരിക്കുന്ന ഗൈഡും മന്ത്രാലയം പുറത്തിറക്കി. പ്രാദേശിക സ്വദേശിവത്കണ പദ്ധതിയുടെ ഭാഗമായി നേരത്തെ മദീനയിൽ മാത്രമായി ഏതാനും ജോലികളിൽ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ ജിസാനിലും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News