മെറ്റവേഴ്‌സ് നയവുമായി ദുബൈ; അഞ്ചു വർഷത്തിനകം 40,000 വെർച്വൽ തൊഴിലവസരങ്ങൾ

'വിവിധ രാജ്യങ്ങളിലുള്ളവർക്ക് പോലും നേരിൽ കണ്ടും സ്പർശിച്ചും അനുഭവങ്ങൾ കൈമാറിയും ആശയവിനിമയം നടത്തുന്ന പ്രതീതിയുണ്ടാക്കാൻ മെറ്റവേഴ്‌സിലൂടെ സാധിക്കും'

Update: 2022-07-18 12:18 GMT

ആശയവിനിമയരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മെറ്റവേഴ്‌സ് രംഗത്ത് ദുബൈ സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനകം ഈരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം അഞ്ച് ഇരട്ടിയായി വർധിപ്പിക്കും. 40,000 വെർച്വൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതാണ് ദുബൈയുടെ മെറ്റവേഴ്‌സ് സ്ട്രാറ്റജി.

ദുബൈ കിരീടാകാവശി ശൈഖ് ഹംദാനാണ് ദുബൈയുടെ മെറ്റാവേഴ്‌സ് നയം പ്രഖ്യാപിച്ചത്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ ജീവിതത്തിന്റെ സകലമേഖലകളെയും മാറ്റി മറിക്കുന്ന വിപ്ലവകരമായ സാങ്കേതിക വിദ്യയാണ് മെറ്റവേഴ്‌സെന്ന് ശൈഖ് ഹംദാൻ ചൂണ്ടിക്കാട്ടി.

Advertising
Advertising

ഈരംഗത്ത് ദുബൈയിൽ മാത്രം ഇപ്പോൾ ആയിരം കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ദുബൈയുടെ സാമ്പത്തിക മേഖലക്ക് വർഷം 500 ദശലക്ഷം ഡോളർ സംഭാവന ചെയ്യുന്ന സ്ഥാപനങ്ങളാണ് അവ. ഈരംഗം കൂടുതൽ ശക്തമാക്കാനാണ് പുതിയ നയം ലക്ഷ്യമിടുന്നത്.

ബ്ലോക്ക്‌ചെയിൻ മെറ്റവേഴ്‌സ് സ്ഥാപനങ്ങളുടെ എണ്ണം അഞ്ചുവർഷത്തിനകം അഞ്ചിരട്ടിയാക്കും. 40,000 വെർച്വൽ തൊഴിലവസരം സൃഷ്ടിക്കുന്നതിലൂടെ ഈ മേഖലയിൽ നിന്നും നാലു ശതകോടി ഡോളറിന്റെ നേട്ടം ദുബൈ സാമ്പത്തികരംഗത്തിന് കണ്ടെത്താനും മെറ്റവേഴ്‌സ് സ്ട്രാറ്റജി ലക്ഷ്യമിടുന്നുണ്ട്.

കമ്പ്യൂട്ടർ കൊണ്ട് നിർമിച്ചെടുത്ത പ്രതീതി, യാഥാർഥ്യ പരിസ്ഥിതിയിൽ നിന്നുകൊണ്ട് പരസ്പരം ആശയവിനിമയം നടത്താൻ സൗകര്യമൊരുക്കുന്ന സാങ്കേതികവിദ്യയാണ് മെറ്റവേഴ്‌സ്. വിവിധ രാജ്യങ്ങളിലുള്ളവർക്ക് പോലും നേരിൽ കണ്ടും സ്പർശിച്ചും അനുഭവങ്ങൾ കൈമാറിയും ആശയവിനിമയം നടത്തുന്ന പ്രതീതിയുണ്ടാക്കാൻ മെറ്റവേഴ്‌സിലൂടെ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News