കള്ളപ്പണം വെളുപ്പിക്കൽ: ദുബൈയിൽ രണ്ട് ഇന്ത്യക്കാരടക്കം 55 പേർ അറസ്റ്റിൽ

രണ്ട് വ്യത്യസ്ത കേസുകളിലായി 641 ദശലക്ഷം ദിർഹമിന്റെ കള്ളപ്പണം വെളുപ്പിച്ചു

Update: 2024-12-27 17:13 GMT

ദുബൈ: കള്ളപ്പണം വെളുപ്പിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ രണ്ട് ഇന്ത്യക്കാരടക്കം 55 പേർ ദുബൈയിൽ അറസ്റ്റിലായി. രണ്ട് വ്യത്യസ്ത കേസുകളിലായി 641 ദശലക്ഷം ദിർഹമിന്റെ കള്ളപ്പണം ഇവർ വെളുപ്പിച്ചതായി അധികൃതർ കണ്ടെത്തി. ദുബൈ പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ തുടർ നടപടിക്കായി കോടതിക്ക് കൈമാറി.

യു.കെ-യു.എ.ഇ എന്നീ രാജ്യങ്ങൾക്കടിയിൽ നടന്ന വൻ കള്ളപ്പണ ഇടപാടാണ് ദുബൈയിലെ വിവിധ വകുപ്പുകൾ ചേർന്ന് പിടികൂടിയത്. ക്രിപ്‌റ്റോകറൻസിയുടെ മറവിൽ കള്ളപ്പണം വെളിപ്പിച്ച ഒരു കേസിൽ രണ്ട് ഇന്ത്യക്കാരും ഒരു ബ്രിട്ടീഷ് പൗരനുമടക്കം 30 പേരാണ് പിടിയിലായത്. യു.എ.ഇയിലെ മൂന്ന് കമ്പനികളെ ഉപയോഗിച്ച് യു.കെ.യിൽ നിന്നെത്തിയ 180 ദശലക്ഷം ദിർഹം ഇവർ വെളുപ്പിച്ചെടുത്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യു.കെ.യിൽ മയക്കുമരുന്ന്, ടാക്‌സ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പിലൂടെ വന്ന കള്ളപ്പണമാണ് സംഘം വെളുപ്പിച്ചത്.

വ്യാജരേഖ ഉപയോഗിച്ച് 461 ദശലക്ഷം ദിർഹം വെളുപ്പിച്ച മറ്റൊരു കേസിൽ ഒരു യു.എ.ഇ സ്വദേശിയും 21 ബ്രിട്ടീഷുകാരുമടക്കം 25 പേരാണ് പിടിയിലായത്. രണ്ട് അമേരിക്കക്കാരും ഒരു ചെക്ക് പൗരനും ഈ കേസിൽ പ്രതികളാണ്. യു.എ.ഇ സ്വദേശിയുടെ പേരിൽ യു.എ.ഇയിലുള്ള രണ്ട് കമ്പനികളുടെ മറവിലാണ് ഇവർ കള്ളപ്പണം വെളുപ്പിച്ചത്. കസ്റ്റംസിന്റെ ഉൾപ്പെടെ വ്യാജരേഖയുണ്ടാക്കി അന്താരാഷ്ട്ര ഇടപാടുകൾ നടത്തിയെന്ന് വരുത്തിതീർത്തായിരുന്നു ഇവരുടെ തട്ടിപ്പ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News