അബ്രഹാമിക് ഫാമിലി ഹൗസ്; സർവമത സമുച്ചയത്തിലേക്ക് ഇന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനം

പ്രാർത്ഥനക്കും ആരാധനക്കുമായി എത്തുന്നവർ പ്രത്യേകം ബുക്ക് ചെയ്യേണ്ടതില്ല

Update: 2023-03-01 07:15 GMT

പരസ്പര സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം പകർന്ന് അബൂദബിയിൽ തുറന്ന അബ്രഹാമിക് ഫാമിലി ഹൗസിലേക്ക് ഇന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

ഒരേ കോമ്പൗണ്ടിൽ മസ്ജിദും ക്രിസ്ത്യൻ പള്ളിയും സിനഗോഗുമെല്ലാം ഉൾക്കൊള്ളുന്നുണ്ട്. സാദിയാത്ത് ദ്വീപിലെ സർവമത സമുച്ചയത്തിലേക്ക് സന്ദർശനത്തിനെത്തുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

സർ ഡേവിഡ് അദ്ജയെയാണ് അബ്രഹാമിക് ഫാമിലി ഹൗസിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. പഠനം, ചർച്ചകൾ, ആരാധന എന്നിവയ്‌ക്കെല്ലാമായുള്ള ഒരു ഇടം എന്ന നിലയിലാണ് സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

Advertising
Advertising

എല്ലാതരം വിശ്വാസികൾക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കും. വ്യത്യസ്ത വിശ്വാസങ്ങളെയും സമ്പ്രദായങ്ങളെയും കുറിച്ച് താരതമ്യം ചെയ്ത് പഠിക്കാൻ പറ്റിയ ഇടമാണിത്. പ്രവേശനം എല്ലാവർക്കും തീർത്തും സൗജന്യമായിരിക്കും. എങ്കിലും, സന്ദർശകർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. ഇന്ന് മുതലാണ് ഇവിടേക്ക് സന്ദർശകരെ അനുവദിക്കുക.

ഇവിടെയെത്തുന്നവർ തീർച്ചയായും പ്രത്യേക ഡ്രസ് കോഡ് ധരിച്ചിരിക്കണം. കോമ്പൗണ്ടിൽ പ്രവേശിക്കുന്ന സ്ത്രീകൾ തല മറയ്ക്കണം. സ്വന്തമായി സ്‌കാർഫ് ഇല്ലാത്തവർക്ക്് കോമ്പൗണ്ടിൽ നിന്ന് തന്നെ സ്‌കാർഫ് നൽകുന്നതായിരിക്കും.

പുരുഷന്മാർ കാൽമുട്ടുകളും ചുമലുകളും മറയുന്ന തരത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്.പ്രാർത്ഥനക്കും ആരാധനക്കുമായി എത്തുന്നവർ പ്രത്യേകം ബുക്ക് ചെയ്യേണ്ടതില്ലെങ്കിലും അവർക്കായി ഒരുക്കിയ പ്രത്യേക പ്രവേശന കവാടങ്ങളിലൂടെ മാത്രം പ്രവേശിക്കണം.

സഹോദര മതസ്ഥരുടെ വിശ്വാസ-പ്രാർത്ഥനാ ചടങ്ങുകളിലും അതിഥിയായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനും അവസരം ഉണ്ടായിരിക്കുമെന്നാണ് അധികൃതർ നമുക്ക് ഉറപ്പുനൽകിയിട്ടുള്ളത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News