അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഏപ്രിൽ 6 മുതൽ പെയ്ഡ് പാർക്കിങ്

മേഖലയിൽ താമസിക്കുന്നവർക്ക് റെസിഡന്റ് പാർക്കിങ് പെർമിറ്റിന് അപേക്ഷിക്കാം

Update: 2026-03-30 12:56 GMT
Editor : Mufeeda | By : Web Desk

അബൂദബി: അബൂദബിയിലെ പ്രമുഖ താമസ-വാണിജ്യ മേഖലയായ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഏപ്രിൽ 6 മുതൽ പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽ വരുന്നു. നഗരത്തിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാനും വാഹന പാർക്കിങ് കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ പുതിയ നടപടിയെന്ന് 'ക്യു മൊബിലിറ്റി' അറിയിച്ചു. മണിക്കൂറിന് 2 ദിർഹം വീതമായിരിക്കും പാർക്കിങ്ങിന് ഈടാക്കുക. പാർക്കിങ് ഫീസുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ അടയ്ക്കാൻ സാധിക്കൂ. TAMM, Darb എന്നീ ആപ്പുകൾ വഴി വാഹന ഉടമകൾക്ക് പണമടയ്ക്കാവുന്നതാണ്. ഈ മേഖലയിലെ വില്ലകളിലും ഫ്ലാറ്റുകളിലും താമസിക്കുന്നവർക്ക് പ്രത്യേക റെസിഡന്റ് പാർക്കിങ് പെർമിറ്റിനായി അപേക്ഷിക്കാം. ഏപ്രിൽ ആദ്യം മുതൽ മുകളിൽ പറഞ്ഞ ആപ്പുകൾ വഴി തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കാം.

വാണിജ്യ മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും ദീർഘനേരം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമുണ്ടാകുന്ന തിരക്ക് കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത് ഷോപ്പിങ്ങിനായി എത്തുന്നവർക്കും താമസക്കാർക്കും പാർക്കിങ് സൗകര്യം എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും. നേരത്തെ ജനുവരി 12 മുതൽ മുസഫ വ്യാവസായിക മേഖലയുടെ ചില ഭാഗങ്ങളിലും പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തിയിരുന്നു. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ (ITC) മേൽനോട്ടത്തിൽ ക്യു മൊബിലിറ്റിയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.  

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News