'സേഫ് സമ്മര്‍'; സൈബര്‍ കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ അബുദാബി പൊലീസ് നല്‍കുന്ന മുന്നറിയിപ്പുകള്‍

Update: 2022-07-07 08:29 GMT

സൈബര്‍ കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ 'സേഫ് സമ്മര്‍' കാമ്പെയ്നുമായി അബുദാബി പൊലീസ്. അവധിക്കാലത്ത് കുട്ടികളുടെ മേലുള്ള ശ്രദ്ദ വര്‍ധിപ്പിച്ച് അവരുടെ സുരക്ഷ മാതാപിതാക്കള്‍ തന്നെ ഉറപ്പാക്കണമെന്നാണ് പൊലീസ് അധികൃതര്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്.

അവരെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. എങ്കിലും ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ്വര്‍ക്കിങ്, ഇലക്ട്രോണിക് ഗെയിമുകള്‍ വഴിയുള്ള ബ്ലാക്ക്മെയില്‍, അവയുടെ ദുരുപയോഗം, സൈബര്‍ ഭീഷണി, യുവാക്കളുടെയും യുവതികളുടെയും ഫോട്ടോകളും വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചുള്ള സന്ദേശങ്ങള്‍ തുടങ്ങിയവയില്‍നിന്നെല്ലാം അവരെ സംരക്ഷിക്കാനാവശ്യമയതെല്ലാം ചെയ്യണം. അവരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയാണ് ഇതിനുള്ള പ്രധാന മാര്‍ഗ്ഗം.

Advertising
Advertising

കൂടാതെ ഇലക്ട്രോണിക് ഗെയിമുകള്‍ ഓണ്‍ലൈനായി സബ്സ്‌ക്രൈബ് ചെയ്യുകയോ വാങ്ങുകയോ ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. വിവരങ്ങളുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നതിനായി ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഒരിക്കലും കൈമാറാതിരിക്കാന്‍ ശ്രമിക്കണം. സുരക്ഷിതമായ നിയന്ത്രണങ്ങളുള്ള വിശ്വസനീയ സൈറ്റുകള്‍ വഴി മാത്രം ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റുക, വഞ്ചിക്കപ്പെടാതിരിക്കാന്‍ കുറഞ്ഞ തുക ബാലന്‍സ് ഉള്ള ബാങ്ക് കാര്‍ഡുകള്‍ മാത്രം ഉപയോഗിക്കുക എന്നിങ്ങനെ നിരവധി ഉപദേശങ്ങളാണ് പൊലീസ് രക്ഷിതാക്കള്‍ക്കായി നല്‍കിയിരിക്കുന്നത്.

കുട്ടികളും കൗമാരക്കാരും ഇ-ഗെയിമുകളുടെ വെബ്സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതപാലിക്കണം. ഗെയിമുകളുടെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ കുട്ടികള്‍ ശ്രമിക്കും. ഇത്തരം സൈറ്റുകള്‍ പലപ്പോഴും ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നത് പിന്നീട് വലിയ സൈബര്‍ക്രൈമുകളിലേക്ക് നയിക്കുമെന്നും പൊലിസ് ഉണര്‍ത്തി.

ഇത്തരം വഞ്ചനകളില്‍പെടാതിരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുരക്ഷാ കമ്മ്യൂണിക്കേഷന്‍ ചാനലായ 'അമന്‍' സേവനം ഉപയോഗപ്പെടുത്തണം. 8002626, എന്ന നമ്പരിലേക്ക് വിളിച്ചോ, 2828 എന്ന നമ്പരിലേക്ക് സന്ദേശങ്ങള്‍ വഴിയോ, aman@adpolice.gov.ae എന്ന ഇ-മെയില്‍ വഴിയോ അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ഇത്തരം പരാതികള്‍ അറിയിക്കാവുന്നതാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News