50 വർഷത്തെ പ്രവാസത്തിന് വിരമമിട്ട് യുഎഇ സൈന്യത്തിലെ മലയാളി സൈനികൻ മരക്കാർ ഹാജി നാട്ടിലേക്ക് മടങ്ങുന്നു
പാചകക്കാരനായാണ് ഈ തിരൂർ സ്വദേശി സൈന്യത്തിലെത്തിയതെങ്കിലും എട്ട് വർഷത്തിലേറെ സൈനികനായി യുദ്ധരംഗത്തും മരക്കാർ ഹാജിയുണ്ടായിരുന്നു.
50 വർഷത്തെ പ്രവാസത്തിന് വിരമമിട്ട് യുഎഇ സൈന്യത്തിലെ മലയാളി സൈനികൻ മരക്കാർ ഹാജി നാട്ടിലേക്ക് മടങ്ങുന്നു. പാചകക്കാരനായാണ് ഈ തിരൂർ സ്വദേശി സൈന്യത്തിലെത്തിയതെങ്കിലും എട്ട് വർഷത്തിലേറെ സൈനികനായി യുദ്ധരംഗത്തും മരക്കാർ ഹാജിയുണ്ടായിരുന്നു. യുഎഇ സൈന്യം പോരാട്ടത്തിനിറങ്ങേണ്ടി വന്ന പല രാജ്യങ്ങളിലും മരക്കാർ ഹാജി യുദ്ധരംഗത്തുണ്ടായിരുന്നു.
തന്റെ പതിനാറാം വയസിൽ പാസ്‌പോർട്ട് പോലും കൈവശമില്ലാതെയാണ് നാട്ടിൽ നിന്ന് മരക്കാർ ഹാജി ഒമാനിലേക്ക് ലോഞ്ച് കയറിയത്. കുറച്ചുവർഷം ഒമാനിലെ കസബിൽ ഹോട്ടൽ ജോലി ചെയ്തു. പിന്നീട് യുഎഇയിലെ റാസൽഖൈമയിലെത്തി. അക്കാലത്താണ് നാട്ടിൽ അപേക്ഷിച്ചിരുന്ന പാസ്‌പോർട്ട് കൈയിൽ കിട്ടുന്നത്. വിസയും സൈന്യത്തിൽ ജോലിയും നൽകി സഹായിച്ച യുഎഇ സ്വദേശികളെ ഇപ്പോഴും നന്ദിയോടെ സ്മരിക്കുന്നു. മരക്കാർ ഹാജിയുടെ ആറ് മക്കളിൽ മിക്കവരും യുഎഇയിൽ തന്നെയുണ്ട്. ഈ രാജ്യം നൽകിയ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി പറഞ്ഞാണ് മരക്കാർ ഹാജിയുടെ മടക്കം.