യുഎഇയിൽ നിർമിത ബുദ്ധി അധ്യാപകർ വരുന്നു

മൈക്രോസോഫ്റ്റ്, ഓപൺഎ.ഐ എന്നിവയടക്കം വിവിധ ടെക് കമ്പനികളുമായി സഹകരിച്ചാണ് വിദ്യഭ്യാസ മന്ത്രാലയം പദ്ധതി ആവിഷ്‌കരിക്കുന്നത്

Update: 2023-02-14 18:19 GMT

ദുബൈ: യുഎഇയിലെ വിദ്യാലയങ്ങളിൽ നിർമിത ബുദ്ധി അധ്യാപകർ വരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻറ്‌സ്‌ ഉപയോഗിക്കുന്ന ട്യൂട്ടർ വികസിപ്പിക്കാനും നടപ്പാക്കാനും പ്രവർത്തനം തുടങ്ങിയതായി വിദ്യഭ്യാസമന്ത്രി അഹ്‌മദ് ബിൽഹൂൽ അൽ ഫലാസി വ്യക്തമാക്കി. ദുബൈയിൽ നടക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിൽ സംസാരിക്കവെയാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. മൈക്രോസോഫ്റ്റ്, ഓപൺഎ.ഐ എന്നിവയടക്കം വിവിധ ടെക് കമ്പനികളുമായി സഹകരിച്ചാണ് വിദ്യഭ്യാസ മന്ത്രാലയം പദ്ധതി ആവിഷ്‌കരിക്കുന്നത്.

പഠന സംവിധാനത്തിൽ നിർമിത ബുദ്ധി നടപ്പാക്കുന്നതിന് മുമ്പ് പാഠ്യപദ്ധതി മുതൽ മൂല്യനിർണയം വരെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂർണമായ അവലോകനം മന്ത്രാലയം നടത്തുമെന്നും മന്ത്രി പറഞ്ഞു. നൂതന മാതൃകകളുടെ ഉപയോഗത്തിലൂടെ വിദ്യാർഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഓരോ വിഷയങ്ങളെക്കുറിച്ചും വിദ്യാർഥികളുടെ ധാരണ മെച്ചപ്പെടുത്തുന്നതിനും അതത് സമയത്ത് ഫീഡ്ബാക്കും മാർഗനിർദേശവും നൽകാനും സാധിക്കുന്നതായിരിക്കും അധ്യാപനത്തിനായി വികസിപ്പിക്കുന്ന ട്യൂട്ടർ. പഠനം ആകർഷകവും സംവേദനാത്മകവുമാക്കുന്നതിനാണ് 'പുതിയ അധ്യപക'നെ രൂപകൽപ്പന ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Advertising
Advertising

അതേസമയം നിർമിത ബുദ്ധി ഉപയോഗിക്കുന്നത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും സെഷനിൽ സംസാരിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടു.


Full View

AI teachers will be deployed in UAE

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News