വൈകി പറക്കൽ തുടക്കഥയാവുന്നു; എയർഇന്ത്യയെ പേടിച്ച് യാത്രക്കാർ

ഇന്നലെ വൈകിയത് 19 മണിക്കൂറിലേറെ

Update: 2023-03-04 18:25 GMT
Advertising

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ വൈകി പറക്കൽ തുടർക്കഥയാവുന്നു. ഇന്നലെ ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട വിമാനം വൈകിയത് 19 മണിക്കൂറാണ്. ഇത്രയുംമണിക്കൂർ വിമാനത്താവളത്തിൽ കഴിയേണ്ടി വന്ന യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ എയർ ഇന്ത്യ അധികൃതർ തയാറായില്ലെന്നും പരാതിയുണ്ട്. അതേസമയം യന്ത്ര തകരാറിനെ തുടർന്ന് ഇന്ന് രാത്രി പത്ത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന നെടുമ്പാശേരി - ഷാര്‍ജ വിമാനം എയർ ഇന്ത്യ റദ്ദാക്കി.

ഇന്നലെ വൈകുന്നേരം മൂന്നിന് ഷാർജയിൽ നിന്ന് കൊച്ചയിലേക്ക് പോകേണ്ട ഐ എക്സ് 412 വിമാനമാണ് 19 മണിക്കൂർ വൈകിയത്. പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്ത യാത്രക്കാർക്ക് എയർപോർട്ടിൽ കഴിച്ചുകൂട്ടേണ്ടി വന്നത് 22 മണിക്കൂറിലേറെ. ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി ബോർഡിങ് പാസുമായി അഞ്ച് മണിക്കൂറിലേറെ കാത്തിരുന്ന ശേഷമാണ് വിമാനം വൈകുമെന്ന് അറിയിക്കാൻ ഉദ്യോഗസ്ഥനെത്തിയത്.

കൊച്ചിയിൽ നിന്ന് ഷാർജയിൽ എത്തേണ്ട വിമാനം എത്തിയില്ലെന്നും പകരം ദുബൈയിലുള്ള വിമാനത്തിൽ സർവീസ് നടത്താൻ ക്രൂ ഇല്ലെന്നുമാണ് ഉദ്യോഗസ്ഥൻ യാത്രക്കാരെ അറിയിച്ചത്. ഇതോടെ യാത്രക്കാർ ഏറെ നേരം ഉദ്യോഗസ്ഥനുമായി വാക്കേറ്റമുണ്ടായി. സ്ത്രീകളും, കൊച്ചുകുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് രാത്രി താമസം ഒരുക്കാൻ പോലും അധികൃതർ തയാറായില്ല. 150 ലേറെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു. കുട്ടികളുള്ള അമ്മമാർക്ക് മാത്രം ലോഞ്ചിൽ സൗകര്യമൊരുക്കി. രാത്രി ഒരു നേരത്തേ ഭക്ഷണം മാത്രമാണ് ഇവർക്ക് ലഭിച്ചത്. അനിശ്ചിതമായ കാത്തിരിപ്പിനൊടുവിൽ രാവിലെ 8.45 ന് വിമാനം പുറപ്പെടുമെന്ന് യാത്രക്കാർക്ക് എസ് എം എസ് ലഭിച്ചു. ഒടുവിൽ യു എ ഇ സമയം ഇന്ന് രാവിലെ ഒമ്പതരക്കാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. വൈകി പറക്കൽ തുടർക്കഥയാകുന്നതിനാൽ അടിയന്തിരമായ നാട്ടിലെത്തേണ്ടവർ എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുക്കാൻ മടിക്കുകയാണ്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News