ദുബൈ നഗരത്തിലെ ഗതാഗതം എളുപ്പമാക്കാൻ 'അൽ റുവയ്യ'; സ്ട്രീറ്റ് വികസനപദ്ധതി പൂർത്തിയായി
മൂന്നര കിലോമീറ്റർ നീളത്തിലാണ് വികസന പദ്ധതി
ദുബൈ: ദുബൈ നഗരത്തിലെ ഗതാഗതം എളുപ്പമാക്കാൻ ആരംഭിച്ച അൽ റുവയ്യ സ്ട്രീറ്റ് വികസനപദ്ധതി പൂർത്തിയായി. മൂന്നര കിലോമീറ്റർ നീളത്തിലാണ് സ്ട്രീറ്റ് വികസനം നടപ്പാക്കിയത്. രണ്ട് പ്രധാന റോഡുകൾക്കിടയിലെ യാത്രാസമയം നാല് മിനിറ്റായി കുറക്കാൻ കഴിയുന്നതാണ് ഈ പദ്ധതി. പ്രധാന ഹൈവേയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് അൽ റുവയ്യ വികസന പദ്ധതി.
ഈ പദ്ധതി ദുബൈ സിലിക്കൺ ഓയാസിസ്, നാദ് അൽ ഹസ്സ, ദുബൈ അക്കാദമിക് സിറ്റി, വാർസാൻ 4 തുടങ്ങിയ താമസ-വിദ്യാഭ്യാസ മേഖലകളിലേക്കുള്ള ഗതാഗത സൗകര്യം എളുപ്പമാക്കും. ഇതിന്റെ ഭാഗമായി ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിലെ റൗണ്ട് എബൗട്ട്, സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനാക്കി മാറ്റി. 2 കി.മീറ്റർ പ്രത്യേക സൈക്കിൾ ട്രാക്കും നിർമ്മിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് 4 മിനിറ്റായി ചുരുങ്ങുമെന്ന് ആർ.ടി.എ അറിയിച്ചു.