കൊലപാതകക്കേസിലെ തെളിവ് നശിപ്പിക്കാൻ ശ്രമം; യുഎഇയിൽ പ്രവാസിയെ നാടുകടത്തും

നാടുകടത്തൽ ഉത്തരവിനെതിരായ പ്രതിയുടെ അന്തിമ അപ്പീൽ ഫെഡറൽ സുപ്രീം കോടതി തള്ളി

Update: 2026-10-03 09:10 GMT

ദുബൈ: കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അധികൃതർ അടച്ചുപൂട്ടിയ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറി സാധനങ്ങൾ നീക്കം ചെയ്തയാളെ യുഎഇയിൽ നിന്ന് നാടുകടത്തും. നാടുകടത്തൽ ഉത്തരവിനെതിരായ പ്രതിയുടെ അന്തിമ അപ്പീൽ ഫെഡറൽ സുപ്രീം കോടതി തള്ളി. കൊലപാതകക്കേസിലെ തെളിവുകൾ സംരക്ഷിക്കുന്നതിനായി അപ്പാർട്ട്മെന്റ് അധികൃതർ സീൽ ചെയ്ത് പ്രവേശനം വിലക്കിയിരുന്നു. എന്നാൽ വിലക്ക് മറികടന്ന് ഇയാൾ പൂട്ട് തകർത്ത് അകത്ത് കയറി ഫർണിച്ചറുകളും മറ്റ് സാധനങ്ങളും നീക്കം ചെയ്യുകയായിരുന്നു.

അന്വേഷണം തടസ്സപ്പെടുത്തുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ സ്ഥിതി മാറ്റുകയും തെളിവുകൾ നീക്കം ചെയ്യുകയും ചെയ്തെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. ഇയാൾക്ക് ഒരു വർഷത്തെ തടവിന് പകരം നാടുകടത്തൽ ശിക്ഷയാണ് കീഴ്‌ക്കോടതി വിധിച്ചത്. അപ്പീൽ കോടതിയും ഈ വിധി ശരിവെച്ചു.

Advertising
Advertising

താൻ നിയമപരമായി വാടകക്ക് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ സ്വന്തം സാധനങ്ങൾ എടുക്കാനാണ് പ്രവേശിച്ചതെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ സാക്ഷിമൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, അന്വേഷണത്തിനിടെ ഇയാൾ നൽകിയ മൊഴികൾ എന്നിവ പരിഗണിച്ചാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്. അപ്പാർട്ട്മെന്റ് അടച്ചതിന്റെ കാരണം ഇയാൾ നേരത്തെ പ്രോസിക്യൂഷനോട് അന്വേഷിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇതിലൂടെ അപ്പാർട്ട്മെന്റ് കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ടതാണെന്നും പ്രവേശനം വിലക്കിയിട്ടുണ്ടെന്നും ഇയാൾക്ക് അറിയാമായിരുന്നെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഇയാളുടെ ശിക്ഷയും നാടുകടത്തൽ ഉത്തരവും അന്തിമമായി.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News