12 സെക്കൻഡിനുള്ളിൽ സംഗതി ക്ലിയർ! ദുബൈ വിമാനത്താവളത്തിൽ പുതിയ മൊബൈൽ ഇമിഗ്രേഷൻ സേവനം

മൊബൈൽ ഉപകരണവുമായി 'ക്ലിക്ക് ആൻഡ് ട്രാവൽ' സേവനം

Update: 2026-09-07 12:51 GMT

ദുബൈ: നടപടികൾ അതിവേഗം പൂർത്തിയാക്കാൻ വഴിയൊരുക്കി ദുബൈ വിമാനത്താവളത്തിൽ പുതിയ മൊബൈൽ ഇമിഗ്രേഷൻ സേവനം. ഉദ്യോഗസ്ഥർക്ക് കയ്യിൽ പിടിക്കാവുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് യാത്രക്കാരുടെ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന 'ക്ലിക്ക് ആൻഡ് ട്രാവൽ' സേവനമാണ് ആരംഭിച്ചത്. ഇതോടെ ദുബൈ വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് പരമ്പരാഗത കൗണ്ടറിൽ കാത്തുനിൽക്കാതെ തന്നെ പാസ്പോർട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും. പുതിയ സേവനം യാത്രക്കാരുടെ വിവരങ്ങൾ വേഗത്തിലും കൃത്യമായും പരിശോധിക്കും. ബയോമെട്രിക് സാങ്കേതികവിദ്യ, മുഖം തിരിച്ചറിയൽ, ഇലക്ട്രോണിക് പാസ്പോർട്ട് റീഡിങ്, ഓട്ടോമേറ്റഡ് പരിശോധനകൾ, സുരക്ഷിത കണക്റ്റിവിറ്റി എന്നിവ ഉപയോഗിച്ചാണ് നടപടി. ഏകദേശം 12 മുതൽ 15 സെക്കൻഡിനുള്ളിൽ നടപടികൾ പൂർത്തിയാകും. കാത്തിരിപ്പ് സമയം കുറയ്ക്കാനും വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ ഒഴുക്ക് വേഗത്തിലാക്കാനും ഇത് സഹായിക്കും.

Advertising
Advertising

യുഎഇ പൗരന്മാർക്കും താമസക്കാർക്കും ജിസിസി പൗരന്മാർക്കും സന്ദർശകർക്കും സേവനം ലഭിക്കും. അറൈവൽ, ഡിപ്പാർച്ചർ നടപടികൾക്കും ഇത് ഉപയോഗിക്കാം.

പാസ്പോർട്ട് നടപടികൾ പൂർത്തിയായാൽ, യാത്രക്കാർക്ക് അടുത്ത ഘട്ടത്തിലേക്ക് നേരിട്ട് പോകാം. പുറപ്പെടുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധനയിലേക്കോ എത്തിച്ചേരുന്ന യാത്രക്കാർക്ക് കസ്റ്റംസ് പരിശോധനയിലേക്കോ നീങ്ങാം.

പാസ്പോർട്ട് നടപടികൾ നിശ്ചിത പ്ലാറ്റ്ഫോമിൽ നിന്ന് യാത്രക്കാർ എവിടെയായിരുന്നാലും അവിടേക്കെത്തുന്ന മൊബൈൽ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിന്റെ ഭാഗമാണ് സേവനമെന്ന് ദുബൈ എയർപോർട്ട് സർവീസസ് ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ സഈദ് അഹമ്മദ് സഈദ് പറഞ്ഞു. വേനൽക്കാലത്ത് സേവനം പരീക്ഷിച്ചതായും പ്രോസസ്സിങ് വേഗതയും പ്രവർത്തന കാര്യക്ഷമതയും വിജയകരമാണെന്നും വ്യക്തമാക്കി.

പരീക്ഷണ കാലയളവിൽ സേവനത്തിലൂടെ 31,373 യാത്രക്കാരെ പ്രോസസ്സ് ചെയ്തിട്ടുണ്ട്. ഓരോ നടപടിക്കും ഏകദേശം 12 മുതൽ 15 സെക്കൻഡ് വരെയാണ് എടുത്തത്. ക്ലിക്ക് & ട്രാവലിന്റെ ആദ്യ പരീക്ഷണം 2025 ഒക്ടോബറിൽ ദുബൈ എയർപോർട്ടിന്റെ ടെർമിനൽ മൂന്നിലാണ് ആരംഭിച്ചിരുന്നത്. 2026 മെയിൽ ദുബൈ എയർപോർട്ടിലെ എല്ലാ ടെർമിനലുകളിലേക്കും വ്യത്യസ്ത യാത്രക്കാർക്കുമായി രണ്ടാം ഘട്ട ട്രയൽ വ്യാപിപ്പിച്ചു. പരീക്ഷണ കാലയളവിനുശേഷം, 2026 സെപ്റ്റംബർ ഏഴിനാണ് സേവനം ഔദ്യോഗികമായി ആരംഭിക്കുകയായിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News