ദുബൈ എയർപോർട്ട് പൂർവസ്ഥിതിയിൽ; ദിവസവും 1400 വിമാന സർവീസ്

75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയിൽ 2,155 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നുവെന്ന് ദുബൈ എയർപോർട്ട്‌സ് സി.ഇ.ഒ പോൾ ഗ്രിഫിത് പറഞ്ഞു

Update: 2024-04-23 17:35 GMT
Advertising

ദുബൈ: മഴക്കെടുതിയിൽ അവതാളത്തിലായ ദുബൈ വിമാനത്താവളം പൂർവസ്ഥിതിയിൽ പ്രവർത്തനമാരംഭിച്ചു. ദിവസം 1400 വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നതായും വിമാനത്താവളം അധികൃതർ പറഞ്ഞു. 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയിൽ 2,155 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നുവെന്ന് ദുബൈ എയർപോർട്ട്‌സ് സി.ഇ.ഒ പോൾ ഗ്രിഫിത് പറഞ്ഞു.

155 വിമാനങ്ങൾ വഴി തിരിച്ചുവിടേണ്ടി വന്നിരുന്നു. ഏപ്രിൽ 19നകം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ജബൽഅലിയിലെ ശൈഖ് മക്തൂം വിമാനത്താവളത്തിലും കുടുങ്ങിയ യാത്രക്കാർക്ക് പകരം സംവിധാനം ഏർപ്പെടുത്താൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

75,000 പേർക്ക് ഭക്ഷണവും ദുരിതാശ്വാസ വസ്തുക്കളുമെത്തിച്ചു. വിമാനത്താവളത്തിന്റെ റൺവേയിൽ നിന്നും എയർപോർട്ടിലേക്കുള്ള റോഡിൽ നിന്നും വെള്ളം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ലഭിക്കാനുള്ള ബാഗേജുകൾ 24 മണിക്കൂറിനകം ഉടമസ്ഥരിലേക്ക് എത്തിക്കുന്ന നടപടികൾ പൂർത്തിയാക്കുമെന്ന് വിമാനത്താവളം സി.ഇ.ഒ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ഘട്ടത്തെ അതിജീവിക്കാൻ അക്ഷീണം പ്രവർത്തിച്ച ജീവനക്കാർക്കും സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News