പാസ്‌പോർട്ട് കാണിക്കാതെ വിമാനയാത്ര; ദുബൈ സ്മാർട്ട് കൊറിഡോർ വിപുലമാക്കുന്നു

ദുബൈ ടെർമിനൽ മൂന്നിലാണ് സൗകര്യം, പത്ത് യാത്രക്കാരെ ഒരേസമയം തിരിച്ചറിയും

Update: 2025-09-03 17:16 GMT

ദുബൈ: പാസ്‌പോർട്ടോ മറ്റ് തിരിച്ചറിയൽ രേഖകളോ കാണിക്കാതെ വിമാനയാത്ര സാധ്യമാക്കുന്ന സ്മാർട്ട് കൊറിഡോർ സംവിധാനം ദുബൈയിൽ വിപുലമാക്കുന്നു. ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിലാണ് ഈ സൗകര്യം വിപുലമാക്കുന്നത്.

റെഡ് കാർപറ്റ് എന്ന പേരിലാണ് ദുബൈ വിമാനത്താവളം ടെർമിനൽ മൂന്നിൽ സ്മാർട്ട് കൊറിഡോർ സംവിധാനം വിപുലീകരിക്കുന്നത്. എമിഗ്രേഷൻ നടപടികൾക്ക് ഇവിടെ പാസ്‌പോർട്ടോ മറ്റ് തിരിച്ചറിയൽ രേഖകളോ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കൊറിഡോറിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ മുഖവും കണ്ണും സ്‌കാൻ ചെയ്യുന്ന കാമറകൾ എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ യാത്രക്കാരെ തിരിച്ചറിയും.

സ്മാർട്ട് കോറിഡോറിൽ ഒരേസമയം 10 യാത്രക്കാരെ കൈകാര്യം ചെയ്യാം. ആറ് മുതൽ 14 സെക്കൻഡ് കൊണ്ട് യാത്രക്കാരെ തിരിച്ചറിയുന്ന നടപടി പൂർത്തിയാകും. ദുബൈയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴും തിരിച്ചുവരുമ്പോഴും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ലോകത്തെ ആദ്യത്തെ അതിവേഗ എമിഗ്രേഷൻ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ ഏറ്റവും പുതിയ ബയോമെട്രിക് ഐഡന്റിഫിക്കേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News