ദുബൈ-കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നു; യാത്രികർക്ക് താമസ സൗകര്യം ഒരുക്കാതെ കമ്പനി

സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ യാത്രക്കാർ ഇപ്പോഴും വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

Update: 2023-01-31 13:50 GMT
Advertising

ദുബൈ: ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട ദുബൈ- കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നു. സാങ്കേതിക തകരാറാണ് വൈകാൻ കാരണമെന്നാണ് വിശദീകരണം.

ഇന്ന് ഉച്ചയ്ക്ക് 12.10ന് പുറപ്പെടേണ്ട വിമാനം നാളെ രാവിലെ 7:30നേ പുറപ്പെടൂ എന്നാണ് അറിയിപ്പ്. താമസമടക്കമുള്ള ബദൽ സംവിധാനങ്ങള്‍ ഒരുക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

എല്ലാ നടപടികളും പൂർത്തിയാക്കി വിമാനത്തിൽ കയറാൻ യാത്രക്കാർ കാത്തുനിൽക്കുമ്പോഴാണ് സാങ്കേതിക തകരാറുണ്ടെന്നും ഒരു മണിക്കൂർ വൈകുമെന്നും അറിയിപ്പ് വന്നത്. പിന്നീട് ഇത് കൂടുതൽ മണിക്കൂറിലേക്ക് നീണ്ടു. തുടർന്ന്, നാളെ രാവിലെ 7.10നേ വിമാനം പുറപ്പെടൂ എന്ന് അറിയിച്ച് യാത്രക്കാർക്ക് ഒരു എസ്.എം.എസ് വരികയായിരുന്നു.

എന്നാൽ ഇത്രയും മണിക്കൂറുകൾ വിമാനത്താവളത്തിൽ തങ്ങാനുള്ള സൗകര്യം യാത്രക്കാർക്ക് ഏർപ്പെടുത്തിയിട്ടില്ല. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ യാത്രക്കാർ ഇപ്പോഴും വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

എയർപോർട്ടിലെ ലോഞ്ചിൽ ഇന്ന് രാത്രി തങ്ങാനാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. എന്നാൽ കുട്ടികളടക്കമുള്ളവർക്ക് എങ്ങനെ ഇത്രയും സമയം ലോഞ്ചിൽ കഴിയാനാവും എന്നാണ് യാത്രക്കാർ ഉന്നയിക്കുന്ന ചോദ്യം.

താമസ വിസയിലുള്ള യാത്രക്കാരോട് വീട്ടിലേക്ക് മടങ്ങാനും വിമാനക്കമ്പനി അധികൃതർ നിർദേശിച്ചിട്ടുണ്ട്. ബദൽ സംവിധാനം ഒരുക്കണമെന്ന് ജീവനക്കാരോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പരിഗണിക്കാൻ സ്‌പൈസ് ജെറ്റ് അധികൃതർ തയാറായില്ലെന്നാണ് പരാതി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News