ദുബൈയിലെ 'സാലിക്' ഇനി ജോയിന്റ് സ്‌റ്റോക്ക് കമ്പനി; നിയമ-സാമ്പത്തിക-ഭരണപരമായ സ്വയംഭരണവകാശം

Update: 2022-06-16 12:25 GMT

ദുബൈ: എമിറേറ്റിലെ റോഡുകളിലെ ടോള്‍ കലക്ഷന്‍ ഓപ്പറേറ്ററായ 'സാലിക്' ജോയിന്റ് സ്റ്റോക്ക് കമ്പനിയാകുന്നു. നിയമപരവും സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണവകാശത്തോടെ 'സാലികി'നെ കമ്പനിയാക്കുന്ന ഉത്തരവ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പുറപ്പെടുവിച്ചത്.

പുതിയ നിയമനുസരിച്ച് കമ്പനിയുടെ എല്ലാ ഓഹരികളും ദുബൈ സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും. എന്നാല്‍ ഐ.പി.ഒ വഴിയോ സ്വകാര്യ മാര്‍ഗങ്ങളിലൂടെയോ വില്‍ക്കുന്ന ഷെയറുകളുടെ ശതമാനം നിര്‍ണയിക്കാന്‍ ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സിലിന് അധികാരമുണ്ട്. ഷെയറുകള്‍ വില്‍ക്കുമ്പോഴും കമ്പനിയുടെ മൂലധനത്തിന്റെ 60 ശതമാനം ദുബൈ സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കണമെന്ന നിബന്ധനയുണ്ട്.

Advertising
Advertising


 


രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി 99 വര്‍ഷത്തേക്കാണ് 'സാലിക്' കമ്പനിയായി തുടരുക. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് മറ്റ് എമിറേറ്റുകളിലും ശാഖകളും ഓഫീസുകളും തുറക്കാം. ടോള്‍ ഗേറ്റുകളുടെ പ്രവര്‍ത്തനവും മാനേജ്മെന്റുമായി ബന്ധപ്പെട്ട കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഔട്ട്സോഴ്സ് ചെയ്യാന്‍ റോഡ് ഗതാഗത അതോറിറ്റി(ആര്‍.ടി.എ)ക്ക് അധികാരമുണ്ട്.


 



പ്രാദേശിക ഓഹരി വിപണിയില്‍ 'സാലികി'നെ ലിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ് സര്‍ക്കാര്‍ നടപടിയെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ആര്‍.ടി.എ വിജയകരമായി കൈകാര്യം ചെയ്യുന്ന ബിസിനസില്‍ നിക്ഷേപകര്‍ക്ക് പങ്കാളിത്തം നേടാനുള്ള മികച്ച അവസരമാണ് ലഭ്യമാകുകയെന്നും വിലയിരുത്തപ്പെടുന്നു. നേരത്തെ ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ദീവ)യുടെ ഷെയറുകള്‍ സ്വന്തമാക്കാന്‍ ഇനിഷ്യല്‍ പബ്ലിക് ഓഫര്‍(ഐ.പി.ഒ) പ്രഖ്യാപിച്ചിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍നിന്ന് ലഭിച്ചത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News