പുതിയ സാറ്റലൈറ്റുമായി യു.എ.ഇ; വിക്ഷേപണം റഷ്യയിൽ നിന്ന്‌, കൂടുതൽ രാജ്യങ്ങളുമായി കൈകോർക്കും

വിവിധ രാജ്യങ്ങളുമായി ചേർന്ന്​ കൂടുതൽ സാറ്റലൈറ്റുകൾക്ക്​ യു.എ.ഇ രൂപം നൽകും

Update: 2023-06-27 18:56 GMT
Editor : rishad | By : Web Desk

ദുബൈ: റഷ്യൻ സോയൂസ്​ റോക്കറ്റിൽ യു.എ.ഇ പുതിയ സാറ്റലൈറ്റ്​ വിക്ഷേപിച്ചു. ബഹിരാകാശ യാത്ര മെച്ചപ്പെടുത്താനുള്ള യു.എ.ഇ, യു.എൻ ധാരണക്ക്​ ഇത്​ കൂടുതൽ ഊർജം പകരും. വിവിധ രാജ്യങ്ങളുമായി ചേർന്ന്​ കൂടുതൽ സാറ്റലൈറ്റുകൾക്ക്​ യു.എ.ഇ രൂപം നൽകും.

ഇരുപത്​ കിലോഗ്രാം ഭാരമുള്ള പി.എച്ച്​ വൺ ഡെമോ ക്യൂബ്​ ആണ്​ റഷ്യയിലെ വോസ്​തോഷ്​നി കോസ്​മോഡ്രോമിൽ നിന്ന്​ സോയൂസ്​ രണ്ട്​ മുഖേന വിക്ഷേപിച്ചത്​. വെളുപ്പിന്​ 3.35നായിരുന്നു വിക്ഷേപണം. ഔട്ടർ സ്​പേസ്​ കാര്യങ്ങൾക്കുള്ള യു.എൻ ഓഫീസ്​ വിഭാഗമായ പേലോഡ്​ ഹോസ്​റ്റിങ്​ ഇനീഷ്യേറ്റീവും ദുബൈ കേന്ദ്രമായ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്ററും സഹകരിച്ചുള്ള ആദ്യ സംരംഭം കൂടിയാണിത്​. ബഹിരാകാശവുമായി ബന്ധപ്പെട്ട സ്​റ്റാർട്ടപ്​ പദ്ധതികൾക്ക്​ അവസരം ഒരുക്കാനാണ്​ യു.എന്നും യു.എ.ഇയും തീരുമാനിച്ചിരിക്കുന്നത്​.

യു.കെ, യു.എസ്​ എന്നീ രാജ്യങ്ങളിലെ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ്​ സാറ്റലൈറ്റ്​ രൂപകൽപന. ഭൗമ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയാണ്​ സാറ്റലൈറ്റ്​ ദൗത്യം. ബഹിരാകാശത്ത്​ അടുത്ത അഞ്ച്​ നാളുകൾ ​നിരീക്ഷിച്ചാകും തുടർ നടപടികളെന്ന്​ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെൻറർ അറിയിച്ചു.

ബഹ്റൈൻ, നേപ്പാൾ എന്നീ രാജ്യങ്ങളുമായുള്ള സാ​ങ്കേതിക സഹകരണത്തിൽ മറ്റൊരു സാറ്റലൈറ്റിന്​ കൂടി രൂപം നൽകാനുള്ള നീക്കവും ഊർജിതമാണ്​. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News