60 കിലോമീറ്ററിന് മുകളിലാണോ വേഗം; ഇ സ്കൂട്ടർ പൊലീസ് കൊണ്ടുപോകും
ദുബൈയിൽ ഈ വർഷം പിടിച്ചെടുത്തത് 13,657 ഇ-സ്കൂട്ടറുകൾ നിയമ വിരുദ്ധമായി മാറ്റം വരുത്തി 120 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്നതായും കണ്ടെത്തൽ
ദുബൈ: ദുബൈയിൽ അപകടകരമായും അമിത വേഗതയിലും ഇ- സ്കൂട്ടറുകൾ ഓടിക്കുന്നവർക്കെതിരെ നടപടിയുമായി പൊലീസ്. ദുബൈയിലെ പൊതുനിരത്തുകളിൽ 60 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ ഇ-സ്കൂട്ടർ ഓടിക്കുന്നതിനോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ദുബൈ പൊലീസ് ഗതാഗത വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ വ്യക്തമാക്കി. അനുമതിയുള്ള റൂട്ടുകളിൽ ഇ-സ്കൂട്ടറുകളുടെ പരമാവധി വേഗം മണിക്കൂറിൽ 20 കിലോമീറ്ററാണ്. അമിത വേഗത്തിലും അപകടകരമായ രീതിയിലും വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഈ വർഷം ഇതുവരെ 13,657 ഇ-സ്കൂട്ടറുകളാണ് പൊലീസ് പിടിച്ചെടുത്തത്.
അപകടങ്ങൾ കുറയ്ക്കുകയും മരണങ്ങളും ഗുരുതര പരുക്കുകളും തടയുന്നതിന്‍റെ ഭാഗമായാണ് നടപടി ശക്തമാക്കിയത്. നടപ്പാതകളിലും മാർക്കറ്റുകളിലുമുള്ള ഇ- സ്കൂട്ടർ യാത്ര, റോഡ് മുറിച്ചുകടക്കുമ്പോൾ അപകടകരമായ രീതിയിൽ സഞ്ചരിക്കുക, വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചുള്ള റൈഡിങ്, അനുമതിയില്ലാത്ത മേഖലകളിലെ റൈഡിങ് തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ പട്രോളിങ് സംഘം നടപടിയെടുക്കും. ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർ ഹെൽമറ്റ് ധരിക്കണമെന്നും നിർദിഷ്ട വസ്ത്രം ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സിഗ്നലുകളും റോഡ് അടയാളങ്ങളും കൃത്യമായി പാലിക്കണം.
ഇ-സ്കൂട്ടറുകളിൽ മുൻവശത്ത് വെള്ള ലൈറ്റും റിഫ്ലക്ടറും പിന്നിൽ ചുവപ്പ് ലൈറ്റും റിഫ്ലക്ടറും ഉണ്ടായിരിക്കണം. ബ്രേക്കുകൾ നല്ല നിലയിലാണെന്നും ഉറപ്പാക്കണം.നിയമവിരുദ്ധമായി ഇ-സ്കൂട്ടറുകളിൽ മാറ്റം വരുത്തി വേഗം മണിക്കൂറിൽ 120 കിലോമീറ്റർ വരെ ഉയർത്തുന്ന സംഭവങ്ങൾ വർധിച്ചതാണ് അധികൃതരെ കൂടുതൽ കർശന നടപടികളിലേക്ക് നയിക്കുന്നത്.കുട്ടികൾ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കളെയും ഉത്തരവാദികളാക്കുന്ന തരത്തിലുള്ള നിയമനിർമാണത്തിനുള്ള നീക്കവും ദുബൈ പൊലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2025ൽ ഗുരുതര ഇ-സ്കൂട്ടർ അപകടങ്ങളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 97 ശതമാനം വർധിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കർശന നടപടികൾ കൈക്കൊള്ളുന്നത്.ദുബൈയിൽ ആർ.ടി.എ പെർമിറ്റുള്ളവർക്ക് മാത്രം അനുമതിയുള്ള മേഖലകളിലേ ഇ-സ്കൂട്ടർ ഉപയോഗിക്കാൻ പാടുള്ളൂ. അബൂദബിയിലും നിശ്ചിത മേഖലകളിൽ മാത്രമാണ് ഇ-സ്കൂട്ടർ അനുവദിച്ചിട്ടുള്ളത്.