കാത്തിരിപ്പിന് അവസാനം; യാത്രാവിലക്കിൽ ഇളവ് ലഭിച്ച പ്രവാസികൾ യു.എ.ഇയിലെത്തി

യു.എ.ഇയിൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് മടക്കയാത്രക്ക് അനുമതി. ദുബൈക്ക് പിന്നാലെ മടങ്ങിയെത്തുന്നവർ 10 ദിവസം ക്വാറന്‍റെയിനിൽ കഴിയണമെന്ന നിബന്ധന ഷാർജയും ഒഴിവാക്കി

Update: 2021-08-06 05:46 GMT
Advertising

മൂന്നുമാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ യാത്രാവിലക്കിൽ ഇളവ് ലഭിച്ച പ്രവാസികൾ യു.എ.ഇയിൽ എത്തിതുടങ്ങി. യു.എ.ഇയിൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് മടക്കയാത്രക്ക് അനുമതി. ദുബൈക്ക് പിന്നാലെ മടങ്ങിയെത്തുന്നവർ 10 ദിവസം ക്വാറന്‍റെയിനിൽ കഴിയണമെന്ന നിബന്ധന ഷാർജയും ഒഴിവാക്കി. എന്നാൽ, അബൂദബിയിലും റാസൽഖൈമയിലും മടങ്ങിവരുന്നവർ ക്വാറന്‍റെയിനിൽ കഴിയണം. യാത്രാവിലക്കിൽ ഭാഗിക ഇളവ് ലഭിച്ചതിന് ശേഷം കൊച്ചിയിൽ നിന്നുള്ള ആദ്യവിമാനം ഇന്ന് രാവിലെ 6.20 നാണ് ഷാർജയിൽ ഇറങ്ങിയത്.

ദുബൈയിലും ഷാർജയിലുമെത്തിയ ആദ്യ വിമാനങ്ങളിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്തിനാൽ ടിക്കറ്റെടുത്ത നിരവധി പേരെ നാട്ടിൽ നിന്നും വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. നാട്ടിൽ നിന്ന് വാക്സിനെടുത്തവരെയും ഐ.സി.എ, ജി.ഡി.ആർ.എഫ്.എ അനുമതി ലഭിക്കാത്തവരെയുമാണ് ഒഴിവാക്കിയത്. വിസ കാലാവധി പിന്നിട്ടവർക്കും നാട്ടിലെത്തി ആറുമാസം കഴിഞ്ഞവർക്കും വിമാനത്തിൽ കയറാൻ അനുമതി കിട്ടിയില്ല. വിസ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ചിലർക്ക് മടക്കയാത്രക്ക് അനുമതി കിട്ടിയത്.

ആദ്യദിവസം ഷാർജ വിമാനത്താവളത്തിൽ ഇറങ്ങിയവർ പുറത്തിറങ്ങാൻ നാലുമണിക്കൂറിലേറെ സമയമെടുത്തു. ക്വാറന്‍റെയിൻ സംബന്ധിച്ച ആശയകുഴപ്പമായിരുന്നു പ്രശ്നം. ആദ്യമെത്തിയവർക്ക് 10 ദിവസത്തെ ക്വാറന്‍റെയിൻ നിർദേശിച്ച് ട്രാക്കിങ് വാച്ച് ഘടിപ്പിച്ചാണ് പുറത്തിറക്കിയതെങ്കിൽ പിന്നീടെത്തിയവർക്ക് ക്വാറന്‍റെയിനും വാച്ചും ഒഴിവാക്കിയതായി പ്രഖ്യാപനം വന്നു. എന്നാൽ, അബൂദബിയിലും റാസൽഖൈമയിലും പത്തുദിവസത്തെ ക്വാറന്‍റെയിൻ നിബന്ധന തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News