യു.എ.ഇയിൽ കൂടുതൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുന്നു

നിരക്കിളവോടെ അതിവേഗം ചാർജിങ് പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനം ഏർപ്പെടുത്താനാണ് യു.എ.ഇയുടെ ശ്രമം

Update: 2023-05-10 19:04 GMT
Editor : ijas | By : Web Desk

ദുബൈ: യു.എ.ഇയിൽ കൂടുതൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിച്ച സാഹചര്യത്തിൽ വേഗത്തിൽ ചാർജിങ് സാധ്യമാക്കുന്ന സ്റ്റേഷനുകൾ സംബന്ധിച്ച നിയമനിർമാണത്തിനും തയാറെടുക്കുകയാണ് രാജ്യമെന്ന് ഊർജമന്ത്രി അറിയിച്ചു.

നിരക്കിളവോടെ അതിവേഗം ചാർജിങ് പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനം ഏർപ്പെടുത്താനാണ് യു.എ.ഇയുടെ ശ്രമം. ചാർജിങ് സമയം കുറക്കുന്ന സംവിധാനത്തിന് ആവശ്യമായ പുതിയ നിയമനിർമ്മാണം അവതരിപ്പിക്കുമെന്ന് ഊർജ, മന്ത്രി സുഹൈൽ അല മസ്റൂയി പറഞ്ഞു. അബൂദബിയിൽ വേൾഡ് യൂടിലിറ്റീസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷം രാജ്യത്തെ ആകെ സ്റ്റേഷനുകളുടെ എണ്ണം 800 എത്തിക്കാനാണ് പദ്ധതി.

Advertising
Advertising
Full View

2021ൽ പ്രഖ്യാപിച്ച യു.എ.ഇയുടെ നെറ്റ് സീറോ-2050 പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ സ്രോതസ്സുകളിൽ 600 ശതകോടി ദിർഹം നിക്ഷേപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന് നടപടികൾ ശക്തമാക്കുന്നത്.

കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ആഗോള ഇലക്‌ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്‌സ് പ്രകാരം 2028 നകം ഇ.വി സ്റ്റേഷനുകളിൽ 30 ശതമാനം വാർഷിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ 42,000 വാഹനങ്ങൾ യു.എ.ഇയിൽ ഇലക്ട്രിക്കാകും. 2025ഓടെ ദുബൈയിൽ മാത്രം 1000 പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News