സഹകരണം ശക്തമാക്കാൻ പഞ്ചരാഷ്ട്ര അറബ് ഉച്ചകോടി; ഭക്ഷ്യപ്രതിസന്ധിക്ക് കൂട്ടായ പരിഹാരം തേടും
യു.എ.ഇ, ഈജിപ്ത്, ബഹ്റൈൻ, ജോർഡൻ, ഇറാഖ്എന്നീ രാഷ്ട്രത്തലവൻമാരാണ് ഈജിപ്തിലെ മെഡിറ്ററേനിയൻ നഗരമായ ന്യൂ ആലമീൻ പട്ടണത്തിൽ ഒത്തുചേർന്നത്.
പരസ്പരസഹകരണവും ബന്ധവും ശക്തമാക്കാൻ ഈജിപ്തിൽ ചേർന്ന അഞ്ചു അറബ് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിയിൽ ധരണ. യു.എ.ഇ, ഈജിപ്ത്, ബഹ്റൈൻ, ജോർഡൻ, ഇറാഖ്എന്നീ രാഷ്ട്രത്തലവൻമാരാണ് ഈജിപ്തിലെ മെഡിറ്ററേനിയൻ നഗരമായ ന്യൂ ആലമീൻ പട്ടണത്തിൽ ഒത്തുചേർന്നത്. മേഖലയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയായി.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സീസി, ബഹ്റൈൻ രാജാവ് ഹമദ്ബിൻ ഈസ ആൽ ഖലീഫ, ജോർഡൻ രാജാവ്അബ്ദുല്ല രണ്ടാമൻ, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് നേതാക്കൾ നിലപാടുകൾ പങ്കുവെച്ചു .
യുക്രൈൻ യുദ്ധത്തിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ മറികടക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നു. ചില രാജ്യങ്ങളിലെ ഭക്ഷ്യ ഉൽപന്നങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ കൂട്ടായ നീക്കം നടത്താനും ധാരണയായി. സാമ്പത്തിക സഹകരണവും ദേശീയ സുരക്ഷയും അവലോകനം ചെയ്തതിന് പുറമെ വിവിധ പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും നേതാക്കൾ ചർച്ച ചെയ്തു. അറബ് മേഖലയിലെ യമൻ, സിറിയ, ലിബിയ, ഫലസ്തീൻ പ്രശ്നങ്ങളെ കുറിച്ചും നേതാക്കൾ ചർച്ച നടത്തി.
തിങ്കളാഴ്ച രാത്രി ന്യൂ ആലമീനിലെ വമ്പൻ കടൽത്തീര റിസോർട്ട് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലും അഞ്ച് നേതാക്കളും പങ്കെടുത്തു. വർണാഭമായ വെടിക്കെട്ടോടെ നടന്ന ചടങ്ങിൽ യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനുംമറ്റു ഉന്നത നേതാക്കളും പങ്കെടുത്തു.