കുതിക്കാൻ ദുബൈ മെട്രോ; ആദ്യ ബ്ലൂലൈൻ സ്‌റ്റേഷന് ശിലയിട്ടു
പുതിയ സ്‌റ്റേഷൻ ലോകത്തെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ
ദുബൈ: ദുബൈ മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിയുടെ ആദ്യ സ്റ്റേഷന് തറക്കല്ലിട്ടു. പ്രധാനമന്ത്രിയും യുഎഇ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദാണ് സ്റ്റേഷന് ശിലയിട്ടത്. എമിറേറ്റിലെ ഗതാഗത മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ബ്ലൂ ലൈൻ.
നിലവിൽ റെഡ്, ഗ്രീൻ പാതകളിൽ നടക്കുന്ന മെട്രോ സർവീസാണ് വൈകാതെ ബ്ലൂ ലൈനിൽ കൂടി യാഥാർഥ്യമാകുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനാകുമിത്. 74 മീറ്റർ ഉയരത്തിൽ ഇമാർ പ്രോപ്പർട്ടീസാണ് സ്റ്റേഷൻ രൂപകൽപന ചെയ്തിട്ടുള്ളത്.
ദുബൈയുടെ മറ്റൊരു ലാൻഡ്മാർക്ക് ഐക്കണായി പുതിയ സ്‌റ്റേഷൻ മാറുമെന്ന് ശിലാസ്ഥാപനം നിർവഹിച്ച വിവരം പങ്കുവെച്ച് ശൈഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു. 5,600 കോടി ദിർഹമാണ് ബ്ലൂ ലൈനിന്റെ ആകെ ചെലവ്. മുപ്പത് കിലോമീറ്റർ ദൈർഘ്യമാണ് പാതയ്ക്കുണ്ടാകുക. ഇതോടെ ദുബൈയുടെ റെയിൽ ശൃംഖലയുടെ ആകെ നീളം 131 കിലോമീറ്ററാകും. സ്റ്റേഷനുകൾ 78 ആയി വർധിക്കും.
ആകെ 14 സ്‌റ്റേഷനുകളാണ് ബ്ലൂലൈനിൽ ഉണ്ടാവുക. ഗ്രീൻ ലൈനിലെ ക്രീക്ക് സ്റ്റേഷൻ, റെഡ് ലൈനിലെ സെന്റർപോയിന്റ് സ്റ്റേഷൻ, ദുബൈ ഇന്റർനാഷണൽ സിറ്റി സ്റ്റേഷൻ വൺ എന്നീ ഇന്റർചേഞ്ച് പോയിന്റുകളുമുണ്ടാകും. ദുബൈ ക്രീക്കിന് മുകളിൽ 1.3 കിലോമീറ്റർ നീളമുള്ള ആർച്ച് ബ്രിഡ്ജും നിർമിക്കും. 28 ട്രെയിനുകളാണ് പാതയിൽ സർവീസ് നടത്തുക.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും മിർദിഫ്, അൽ വർഖ, ഇന്റർനാഷണൽ സിറ്റി വൺ, ടു, ദുബൈ സിലിക്കൺ ഒയാസിസ്, അക്കാഡമിക് സിറ്റി, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബൈ ക്രീക്ക് ഹാർബർ, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നീ ഒമ്പത് പ്രധാന പ്രദേശങ്ങളെ ബ്ലൂലൈൻ നേരിട്ട് ബന്ധിപ്പിക്കും. 2030 ഓടെ രണ്ട് ലക്ഷം യാത്രക്കാരെ ഈ പാതയിൽ കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2040 ആകുമ്പേഴേക്കും ഇത് 3,2,0000 ആയി ഉയർത്തും. രണ്ട് ദിശയിലേക്കും മണിക്കൂറിൽ 46,000 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് ക്രമീകരണം. നിർമാണം പൂർത്തീകരിക്കുന്നതോടെ ഈ മേഖലയിലെ ഗതാഗത തിരക്ക് 20 ശതമാനം കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.