ഗസ്സയിലെ വെടിനിർത്തൽ: പാരീസ് ചർച്ചയിൽ പുരോഗതിയില്ല

പാരീസ്​ നിർദേശം വിലയിരുത്താൻ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ യോഗം ചേരും

Update: 2024-02-25 00:52 GMT
Advertising

ദുബൈ: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട്​ പാരീസിൽ നടന്ന ​ ചർച്ചയിൽ കാര്യമായ പുരോഗതിയില്ല. സി.ഐ.എ, മൊസാദ്​ മേധാവികളും ഈജിപ്​ത്​, ഖത്തർ പ്രതിനിധികളും തമ്മിൽ പുതിയ വെടിനിർത്തൽ കരാർ സംബന്​ധിച്ച്​ പാരീസിൽ ചർച്ച നടത്തിയെങ്കിലും കാര്യമായ തീർപ്പിൽ എത്താനായില്ലെന്നാണ്​ റിപ്പോർട്ട്​.

എന്നാൽ, വെടിനിർത്തൽ കരാറിൽ നിർണായക പുരോഗതിയുള്ളതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ബന്ദികളുടെ മോചനവുമായി ബന്​ധപ്പെട്ട്​ ​വെടിനിർത്തൽ കരാറിന്​ രൂപം നൽകാൻ എതിർപ്പില്ലെങ്കിലും ഹമാസിന്റെ കടുത്ത വ്യവസ്​ഥകൾ അംഗീകരിക്കാനാവില്ലെന്നാണ്​​ ഇസ്രായേൽ മധ്യസ്​ഥ രാജ്യങ്ങളെ അറിയിച്ചത്​.

പാരീസ്​ നിർദേശം വിലയിരുത്താൻ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ യോഗം ചേരും. ഗസ്സയിലെ സ്​ഫോടനാത്​മക സാഹചര്യം മുൻനിർത്തി ഇസ്രായേലും ഹമാസുമായി ചർച്ച തുടരുമെന്ന്​ മധ്യസ്​ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്​തും അറിയിച്ചു.

നെതന്യാഹുവി​െൻറ നിക്ഷിപ്​ത താൽപര്യങ്ങൾ നിലനിൽക്കെ, വെടിനിർത്തൽ കരാറിൽ എന്തെങ്കിലും പുരോഗതിയുണ്ടെന്ന്​ പറയാനാകില്ലെന്ന്​ ഹമാസ്​ വ്യക്​തമാക്കി. ശക്​തമായ ആക്രമണത്തോടൊപ്പം കടുത്ത നിലപാടിനൊപ്പമുള്ള ചർച്ചയും തുടരുമെന്ന്​ നെതന്യാഹു പ്രതികരിച്ചു. അമേരിക്കൻ സമ്മർദത്തെ തുടർന്ന്​ റഫ ആക്രമണം ഉപേക്ഷിക്കുന്ന പ്രശ്​നമില്ലെന്ന്​ ഇസ്രായേൽ വിദേശകാര്യ മന്ത്രിയും അറിയിച്ചു.

ഗസ്സയിലെ ദൈർ അൽ ബലാഹിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും അറുപതിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. 24 മണിക്കൂറിനിടെ 104 പേരാണ്​ ഗസ്സയിൽ കൊല്ലപ്പെട്ടത്​. ഇതോടെ ആകെ മരണസംഖ്യ 29,606 ആയി. 69,737 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇതിനകം 406 പേർ കൊല്ലപ്പെടുകയും 4600 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജീവനക്കാരുടെ ക്ഷാമം കാരണം വടക്കൻ ഗസ്സയിലെ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന് അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി അറിയിച്ചു. ഹമാസിന്റെ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായും നിരവധി പേർക്ക്​ പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്​ഥരീകരിച്ചു.

ഭാവി ഗസ്സയുടെ ഭരണത്തിൽ ഫലസ്​തീൻ അതോറിറ്റിക്ക്​ പങ്കാളിത്തം നൽകില്ലെന്ന്​ ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്​തീൻ ഭൂമിയിലെ ഇസ്രായേൽ അധിനിവേശം സംബന്​ധിച്ച്​ അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ ഇന്നും വാദം തുടരും​. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇന്ന്​ വെളുപ്പിന്​ അമേരിക്കൻ, ബ്രിട്ടീഷ്​ പോർവിമാനങ്ങൾ ആക്രമണം നടത്തി. സൻആ ഉൾപ്പെടെ അഞ്ചിടങ്ങളിലാണ്​ ആക്രമണം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News