സമീപകാലത്തെ ഉയർന്ന എണ്ണവിലയിൽ നേട്ടം കൊയ്ത് ജി.സി.സി ബാങ്കിങ് മേഖല

Update: 2022-08-22 09:52 GMT
Advertising

കഴിഞ്ഞ മാസങ്ങളിലുണ്ടായ വിലവർധനവിനെ തുടർന്ന് ജി.സി.സി ബാങ്കുകളുടെ അറ്റാദായവും ആസ്തിയും റെക്കോർഡ് തലത്തിലെത്തിയതായി റിപ്പോർട്ട്.

ഇന്നലെ പുറത്തിറക്കിയ കാംകോ ഇൻവെസ്റ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ നേട്ടം എടുത്ത് പറയുന്നത്. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ ജി.സി.സി ബാങ്കിങ് മേഖലയുടെ അറ്റാദായം 40.7 ബില്യൺ ദിർഹമെന്ന റെക്കോഡ് നേട്ടമാണ് നേടിയിരിക്കുന്നത്.

ജി.സി.സിയിലെ എല്ലാ രാജ്യങ്ങളുടേയും അഗ്രഗേറ്റുകളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ നേട്ടം. എന്നാൽ കുവൈത്ത് ബാങ്കുകളുടെ ആകെ വരുമാനത്തിൽ 0.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒമാനി ബാങ്കുകൾ രണ്ടാം പാദത്തിൽ അറ്റാദായത്തിൽ വലിയ വർധനനവാണ് രേഖപ്പെടുത്തിയത്. സൗദി അറേബ്യൻ ബാങ്കുകളുടെ വളർച്ച 2.7 ശതമാനമാണ്. യു.എ.ഇ ബാങ്കുകൾക്കും ഈ പാദത്തിൽ ഉയർന്ന അറ്റാദായം തന്നെയാണ് ലഭിച്ചത്. സൗദിയും യു.എ.ഇയും ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്തുമ്പോൾ ഖത്തരി, ഒമാനി ബാങ്കിങ് മേഖലയിൽ താരതമ്യേന ചെറിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഫെബ്രുവരിയിൽ റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ക്രൂഡ് വില ബാരലിന് 100 ഡോളർ കടന്നിരുന്നു. എന്നാൽ ആഗോള മാന്ദ്യ ഭീഷണിയും ചൈനീസ് സമ്പദ്വ്യവസ്ഥയിലെ മാന്ദ്യവും കാരണം ഓഗസ്റ്റിൽ ആഗോള എണ്ണവില കുറയുകയായിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News