വേനൽചൂടിൽ എത്രനേരം കാറിൽ കഴിയാം ? പരീക്ഷണം നടത്തി ഷാർജ ചൈൽഡ് സേഫ്റ്റി വകുപ്പ്

വേനൽകാലത്ത് കുട്ടികളെ വാഹനത്തിനകത്ത് തനിച്ചാക്കി പോകുന്നതിന്റെ അപകടം ബോധ്യപ്പെടുത്താനായിരുന്നു പരീക്ഷണം

Update: 2023-08-11 18:58 GMT

ഷാർജ: ഗൾഫിലെ പൊള്ളുന്ന ചൂടിൽ എത്ര നേരം എസിയില്ലാതെ നിങ്ങൾക്ക് കാറിനകത്ത് കഴിയാനാകും?. ഷാർജയിൽ കഴിഞ്ഞദിവസം അത്തരമൊരു സാമൂഹിക പരീക്ഷണം നടന്നു. പലരെയും വാഹനത്തിനകത്ത് പൂട്ടിയിട്ട് അവർക്ക് എന്ത് സംഭവിക്കുന്നു എന്ന് ബോധ്യപ്പെടുത്തി. വേനൽകാലത്ത് കുട്ടികളെ വാഹനത്തിനകത്ത് തനിച്ചാക്കി പോകുന്നതിന്റെ അപകടം ബോധ്യപ്പെടുത്താനായിരുന്നു പരീക്ഷണം.

ഷാർജയിലെ ചൈൽഡ് സേഫ്റ്റി വകുപ്പാണ് സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന പരീക്ഷണം നടത്തി ബോധവത്കരണത് വീഡിയോ ചിത്രീകരിച്ചത്. കത്തുന്ന ചൂടിൽ പലരെയും നിർത്തിയിട്ട കാറിനകത്താക്കി ഡോറടച്ചു. എസിയില്ല, വായു സഞ്ചാരമില്ല. നിമിഷങ്ങൾക്കകം അവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങി.

Advertising
Advertising

ഇത്തരത്തിൽ കുടുങ്ങിപോകുന്നവർ കടന്നുപോകുന്ന അവസ്ഥകൾ എന്താണെന്ന് അവരെ ബോധ്യപ്പെടുത്തി. സാധാരണ നില വീണ്ടെടുക്കാൻ പലർക്കും സമീപത്തെ ആംബുലൻസിൽ ചികിൽസ നൽകേണ്ടി വന്നു. ചിലർക്ക് ചൂട് സഹിക്കാനാകാതെ തലകറക്കം, തലവേദന, ഓക്കാനം, ഹീറ്റ് സ്‌ട്രോക്ക്, മോഹാലസ്യം എന്നിവ അനുഭവപ്പെട്ടു. മുതിർന്നവർ ഇത്രയും വിഷമതകൾ അനുഭവിക്കുന്നുണ്ടെങ്കിൽ കുട്ടികൾ ഈ സാഹചര്യങ്ങളിൽ എത്രമാത്രം വിഷമിച്ചുപോകും എന്ന് പലരും തുറന്നുചോദിച്ചു.

ഷാർജ പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും സഹകരണത്തോടെ ശക്തമായ മുന്നൊരുക്കത്തിൽ നടത്തിയ ഈ സോഷ്യൽ എക്‌സ്‌പെരിമെന്റ് മറ്റുള്ളവർ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ഷാർജ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഈ ബോധവത്കരണ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഗൾഫിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കുട്ടികൾ വേനൽകാലത്ത് വാഹനത്തിനത്ത് കുടുങ്ങി മരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. അൽപനേരത്തേക്കാണെങ്കിൽ പോലും കുട്ടികളെ വാഹനങ്ങൾ തനിച്ചാക്കി പോകരുതെന്ന് മുന്നറിയിപ്പ് നൽകുന്നു ഈ വിഡിയോ.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News